ക്രിക്കറ്റിൽ ‘ഇഞ്ചുറി സബ്സ്റ്റിട്യൂട്’ നിയമത്തെ എതിർത്തുകൊണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ രംഗത്ത്. കളിക്കാർ ഈ നിയമം മുതലെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചേക്കാമെന്നും 57-കാരൻ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ കൺകഷൻ സബ്സ്റ്റിട്യൂട് നിയമം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം പരിമിതമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“സത്യം പറഞ്ഞാൽ ഞാൻ ‘ഇഞ്ചുറി സബ്സ്റ്റിട്യൂട്’നിയമത്തിന്റെ ആരാധകനല്ല. കളിക്കളത്തിലെ സാഹചര്യങ്ങളിലോ നിയമങ്ങളിലോ മാറ്റം വരുത്തുമ്പോഴെല്ലാം, കളിക്കാർ അത് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാറുണ്ട്. ഒരു പകരാക്കാരൻ താരം എത്തുമ്പോൾ നിയമം ചൂഷണം ചെയ്യാൻ കഴിയും. കൺകഷൻ സബ്സ്റ്റിട്യൂട് നിയമത്തോട് ഞാൻ എതിരല്ല. എന്നാൽ കൺകഷൻ സബ്സ്റ്റിട്യൂട് സഹാചര്യത്തിൽ പോലും സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.”
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം മാഞ്ചസ്റ്ററിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിക്കളം വിടേണ്ടി വന്നതിനെ തുടർന്നാണ് ഈ ചർച്ചകൾ ആരംഭിച്ചത്. “ഒരു മത്സരം നാല് ദിവസം കളിക്കുന്നത് സങ്കൽപ്പിക്കുക, പിന്നെ പെട്ടെന്ന് നിങ്ങൾക്ക് വ്യത്യസ്തമായ ഒരു സ്പിന്നറെ ആവശ്യമായി വന്നേക്കാം, ഒരുപക്ഷേ ഒരു ഫിംഗർ സ്പിന്നറിൽ നിന്ന് ഒരു റിസ്റ്റ് സ്പിന്നറിലേക്ക് മാറാം. അതുപോലെ, നിങ്ങളുടെ ഫിംഗർ സ്പിന്നറിന് ഒരു ഹാംസ്ട്രിംഗ് പരിക്കുണ്ട്, നിങ്ങൾ മാറ്റം വരുത്തുന്നു. കളിക്കാർ എപ്പോഴും ഏത് ക്രമീകരണവും അവരുടെ നേട്ടത്തിനായി ഉപയോഗിക്കാൻ ഒരു വഴി കണ്ടെത്തും. അതുകൊണ്ടാണ് ക്രിക്കറ്റിൽ പകരക്കാരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് എനിക്ക് താത്പര്യം ഇല്ലാത്തത്. ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപെടുന്നുണ്ട്.”
ക്രിസ് വോക്‌സിന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോഴാണ് പന്തിന് ഗുരുതരമായി പരിക്കുപറ്റിയത്. കാൽവിരലിലെ വേദന കാരണം പുളഞ്ഞ താരത്തെ ഒടുവിൽ ആംബുലൻസിലാണ് പുറത്തേക്ക് കൊണ്ടുപോയത്. അങ്ങനെയുള്ള താരം ബാറ്റ് ചെയ്യാൻ വരുമെന്ന് പോലും ആരും കരുതിയത് ആയിരുന്നില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുക ആയിരുന്നു. എന്തായാലും പന്തിന് പകരം ധ്രുവ് ജുറലാണ് ഇന്ത്യക്കായി കീപ്പിങ് ഗ്ലൗസ് അണിഞ്ഞത്.
https://twitter.com/i/status/1948302048442593471
Discussion about this post