സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടി കയറുപോലെ ആക്കിയാണ് ഇയാൾ ജയിൽചാടിയത്. ഭാരം കുറയ്ക്കുന്നതിനായി ഇയാൾ മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നുവത്രേ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ചോറ് കഴിച്ചിരുന്നില്ല. ചപ്പാത്തി മാത്രമായിരുന്നു ഭക്ഷണം.
ജയിൽ കമ്പികൾ ദ്രവിക്കാൻ ഉപ്പിട്ടുവച്ചതായി സംശയമുണ്ട്. പുറത്ത് ജയിൽ കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ ആക്സോ ബ്ലേഡ് കഷണം ഇയാൾ കണ്ടെത്തി, മുറിക്കാൻ ഉപയോഗിച്ചു എന്നാണ് കരുതുന്നത്. പ്രതി ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്തും. പ്രതിയുടെ കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ കണ്ണൂർ സന്ദർശന സമയത്താണ്, ജയിൽ ചാട്ടമുണ്ടായത്. ഏഴ് മീറ്റർ ഉയരവും മുകളിൽ മുള്ളുവേലിയുമുള്ള ജയിൽ ഒരുകൈ മാത്രമുള്ള പ്രതി എങ്ങനെ ചാടിയെന്ന സംശയവും നിലനിൽക്കുന്നു. പുലർച്ചെ 1.10 ന് ഒരുവാർഡൻ ഇയാൾ താമസിക്കുന്ന സെൽ പരിശോധിച്ചിരുന്നു. കനത്ത മഴയുള്ള ഈ സമയത്ത് ഇയാൾ പുതച്ച് കിടന്നുറങ്ങുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
2011 ഫെബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ഗോവിന്ദച്ചാമിയുടെ ക്രൂരപീഡനത്തിന് ഇരയാകുന്നത്. ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ യുവതിയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഫെബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. 2016-ൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post