ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അത്ര നല്ല സമയത്തിലൂടെ അല്ല കടന്നുപോയത്. ഇന്ത്യൻ ടെസ്റ്റ് നായകൻ എന്ന നിലയിൽ ഉള്ള ആദ്യ അസൈന്മെന്റായ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ( 1 -2 ) പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട ആളും ഗില് തന്നെയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗിൽ താരം തിളങ്ങി എങ്കിലും മൂന്നാം മത്സരത്തിലും നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും ബാറ്റിംഗിലും പരാജയപ്പെട്ടതോടെ ഗിൽ ട്രോളുകളിൽ നിറയുകയാണ്.
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസ് നേടിയ ശേഷം ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയപ്പോൾ ഗിൽ ജസ്പ്രീത് ബുംറയ്ക്കും അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനും ന്യൂ ബോൾ നൽകുക ആയിരുന്നു. ഷോർട്ട് ആൻഡ് വൈഡ് പന്തുകളാണ് കംബോജ് കൂടുതലായി എറിഞ്ഞത്. ഇത് ഇംഗ്ലണ്ട് ഓപ്പണർമാരായ ബെൻ ഡക്കറ്റിനും സാക്ക് ക്രാളിക്കും എളുപ്പത്തിൽ റൺ നേടാൻ സഹായകരമായി. ബുംറക്കും പതിവ് താളത്തിൽ എത്താൻ ആയില്ല. ന്യൂ ബോൾ എന്തുകൊണ്ട് ഈ പരമ്പരയിൽ നന്നായി പന്തെറിഞ്ഞ മുഹമ്മദ് സിറാജിന് ഗിൽ നൽകിയില്ല എന്നാണ് ഏവരും ചോദിക്കുന്ന ചോദ്യം.
സിറാജിനെ അവഗണിച്ചതിന് ഗില്ലിനെതിരെ ഹേമങ് ബദാനിയും ആർ.പി. സിംഗും രംഗത്തെത്തി. “പരമ്പരയിൽ ഇതുവരെ ഇന്ത്യയ്ക്ക് വ്യത്യസ്ത ഓപ്പണിംഗ് ബൗളർമാരുടെ കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു. അൻഷുൽ കംബോജിന് പകരം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇന്ത്യയ്ക്ക് വേണ്ടി ന്യൂ ബോൾ പന്തെറിയണമായിരുന്നു എന്ന് ഞാൻ കരുതുന്നു. അവർ സീനിയർ ബൗളർമാരാണ്. ആദ്യ മത്സരമായതിനാൽ അൻഷുൽ സമ്മർദ്ദത്തിലായിരുന്നു,” ബദാനി പറഞ്ഞു.
“ബുംറയും സിറാജും റൺസ് അധികം വിട്ടുകൊടുക്കാതെ പന്തെറിയുമായിരുന്നു. അങ്ങനെ വന്നാൽ അൻഷുലിന് ഒരു ആഘാതം സൃഷ്ടിക്കാൻ കഴിയുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.പി. സിംഗ് ബദാനിയുടെ അഭിപ്രായത്തോട് യോജിച്ചു. “അൻഷുൽ തന്റെ ആദ്യ മത്സരം കളിക്കുന്നതിനാൽ ഗിൽ ന്യൂ ബോൾ ബുംറയ്ക്കും സിറാജിനും നൽകണമായിരുന്നു. താളത്തിലേക്ക് എത്താൻ അൻഷുൽ സമയമെടുത്തു. ശേഷം അവൻ തന്റെ മൂന്നാം സ്പെല്ലിൽ നന്നായി പന്തെറിഞ്ഞു,” ആർ.പി. സിംഗ് പറഞ്ഞു.
ക്രാളിയും ഡക്കറ്റും ആദ്യ വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു, ഇത് ഇന്ത്യയുടെ 358 റൺസിന് മറുപടിയായി ഇംഗ്ലണ്ടിന്റെ സ്കോർ 225/2 എന്ന നിലയിലെത്തിക്കാൻ സഹായിച്ചു. ഇന്ന് തുടക്കത്തിൽ തന്നെ വിക്കറ്റ് എടുത്തില്ലെങ്കിൽ ഇന്ത്യയുടെ കാര്യത്തിൽ തീരുമാനം ആകും.
Discussion about this post