മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർ തങ്ങളുടെ കഴിവിനോട് നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. നിലവിൽ 544 – 7 എന്ന നിലയിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് 165 റൺ ലീഡുണ്ട്. 77 റൺ എടുത്ത ബെൻ സ്റ്റോക്സ് 21 റൺ എടുത്ത ലിയാം ഡോസൺ എന്നിവരാണ് ക്രീസിൽ നിൽക്കുന്നത്. ഇംഗ്ലീഷ് ലീഡ് 200 കടന്ന് പോയാൽ ഇന്ന് തന്നെ ഇന്ത്യ ഈ മത്സരം മറക്കുന്നതായിരിക്കും നല്ലത് എന്ന് പറയാം.
ഇന്ത്യയുടെ ബൗളിംഗ് ഒരു മൂർച്ച ഇല്ലാത്ത രീതിയിലാണ് ഈ രണ്ട് ദിവസങ്ങളിലും കാണപ്പെട്ടത്. വെറും 135 ഓവറിൽ 4.03 എന്ന റൺ റേറ്റിൽ അവർ 544 റൺസ് നേടി എന്നതിലുണ്ട് ബോളിങ്ങിലെ മോശം പ്രകടനം എത്രത്തോളം ഉണ്ടെന്ന്. ആദ്യ മൂന്ന് ടെസ്റ്റുകൾ കളിച്ചതിന് ശേഷം മുഹമ്മദ് സിറാജ് നാലാം ടെസ്റ്റിലേക്ക് വന്നപ്പോൾ ക്ഷീണിതനായി കാണപ്പെട്ടു. ജസ്പ്രീത് ബുംറയും പതിവ് താളത്തിൽ കാണപെട്ടില്ല. അരങ്ങേറ്റക്കാരനായ അൻഷുൽ കാംബോജ് ആകട്ടെ ആദ്യമായി സ്കൂളിൽ പോയ കുട്ടിയുടെ പോലെ പേടിച്ചാണ് കാണാപ്പെട്ടത്. താക്കൂർ ആകട്ടെ “ഞാൻ അടി മേടിക്കാതെ പോകില്ല” എന്ന മൈൻഡിലും ആയിരുന്നു.
രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഈ പ്രതലത്തിൽ കുൽദീപ് യാദവിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു എന്ന് കൂടുതൽ പേരും പറയുന്നുണ്ട്. പരമ്പരയിൽ ഇതുവരെ ഈ പരിചയസമ്പന്നനായ റിസ്റ്റ് സ്പിന്നറെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് നിരവധി വിദഗ്ധരും ആരാധകരും ചോദ്യം ചെയ്തിട്ടുണ്ട്.
മൂന്നാം ദിവസത്തെ കളിക്കുശേഷം ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ മോർണി മോർക്കലിനോടും ഇതേ ചോദ്യം ചോദിച്ചു. കുൽദീപ് യാദവിനെ നിരയിലേക്ക് കൊണ്ടുവരാൻ ഇന്ത്യ ഒരു വഴി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ ബാറ്റിംഗ് ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും കുൽദീപ് അതുകൊണ്ടാണ് കളിക്കാത്തത് എന്നും മോർക്കൽ പറഞ്ഞൂ.
“അദ്ദേഹം ടീമിൽ എങ്ങനെ കളിക്കും എന്നതാണ് ഞാൻ നോക്കുന്നത്. ബാറ്റിംഗ് ലൈനപ്പ് കുറച്ചുകൂടി ശക്തമാക്കാം എന്നതാണ് ഞങ്ങൾ നോക്കുന്നത്. മുൻകാലങ്ങളിൽ ബാറ്റിംഗ് പ്രശ്നങ്ങൾ കാരണം വിക്കറ്റുകൾ വീഴുന്നതും അവസാനം ആൾ ഇല്ലാതെ പോകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. കുൽദീപ് ലോകോത്തര ബൗളറാണ്, നിലവിൽ അദ്ദേഹം മികച്ച രീതിയിൽ ബൗൾ ചെയ്യുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് അവസരം ലഭിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ, ബാറ്റിംഗുമായി സന്തുലിതാവസ്ഥ നിലനിർത്തുന്നത് അത് അൽപ്പം ബുദ്ധിമുട്ടാക്കുന്നു,” മോർക്കൽ പറഞ്ഞു.
എന്തായാലും അടുത്ത മത്സരത്തിൽ എങ്കിലും കുൽദീപ് കളിക്കണം എന്ന ആവശ്യം ശക്തമാണ്.
Discussion about this post