കേരളത്തിലെ യുവ എം.എൽ.എക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ വിവിധ ചാനലുകളിലെ സ്ത്രീകളോടും പാർട്ടിയിലെ തന്നെ മുതിർന്ന അംഗങ്ങളോടും ഈ എം.എൽ.എ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടത് സഹയാത്രികനായ പ്രേം കുമാർ രംഗത്തെത്തിയിരിക്കുകയാണ്. വി.ടി ബലറാം എം.എൽ.എക്ക് മറുപടിയായാണ് കുറ്റാരോപിതനായ എം.എൽ.എയുടെ പേരു പറയാതെ പ്രേം കുമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ബലറാമടക്കം പൊതുരംഗത്ത് നിൽക്കുന്ന സകല മനുഷ്യർക്കും അപമാനമാണ് ഇങ്ങനെയൊരാൾ എന്നും പ്രേംകുമാർ പറയുന്നു. പ്രേം കുമാറിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി.ടി ബലറാം എം.എൽ.എ കുറിപ്പെഴുതിയതിനെ തുടർന്നാണ് പ്രേം കുമാർ മറുപടിയുമായി രംഗത്തെത്തിയത്.
പ്രിയപ്പെട്ട വി.ടി.ബൽറാം,എന്റേതടക്കമുള്ള പ്രതികരണങ്ങളിൽ പിശകുകൾ ഉണ്ടെന്നാൽ തുറന്നെതിർക്കാം. പക്ഷെ, പതിനെട്ടു മുതൽ അറുപതുവരെ പ്രായമുള്ള പല പെണ്ണുങ്ങളെ അപമാനിച്ചുവെന്ന്, ട്രോമയിലേക്ക് തള്ളിയിട്ടെന്ന നിരന്തര പരാതികൾ പടരുന്നൊരു കക്ഷിയെ രക്ഷിച്ചെടുക്കാനാവരുത് അതൊന്നും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഏതെങ്കിലും നേതാവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്ന സമയത്ത് ഞാൻ തുറന്നെതിർക്കാതിരുന്നിട്ടുണ്ടോ എന്നുകൂടി ആലോചിക്കുക താങ്കളെന്ന് പ്രേംകുമാർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ക്ഷമ പറയുന്നു; പറയാതിരിക്കാൻ നിവൃത്തിയില്ലാത്ത ചിലത് പറയുന്നു.
ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായ ഒരു യുവാവിനെപ്പറ്റി ഒരു കാരണവശാലും പടരാൻ പാടില്ലാത്ത വാർത്തകൾ കുറച്ചുനാളായി കേൾക്കുന്നുണ്ട് നമ്മൾ. ഇതെഴുതുന്നതുവരെ അദ്ദേഹം ഇതിനെപ്പറ്റി ഒരക്ഷരം പറഞ്ഞതായി കണ്ടിട്ടുമില്ല.
നല്ലതല്ലാത്ത ഇത്തരം വാർത്തകൾ നാട്ടിൽ പാട്ടായി തുടങ്ങിയ നേരത്ത്, മിനിഞ്ഞാന്ന്, റേഡിയോ മാംഗോയുടെ ടാഗ് ലൈൻ എടുത്തുകൊണ്ട് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അങ്ങനെ എഴുതിയത് മോശമായിപ്പോയെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു.
വിമർശനത്തെ ആദരവോടെ കേൾക്കുന്നു; ഉൾക്കൊള്ളുന്നു. വെളിച്ചത്തുവരാനോ പരാതിപ്പെടാനോ ഇതുവരെ സാധിച്ചിട്ടില്ലാത്ത ആ യുവതിക്കോ മറ്റേതെങ്കിലും സ്ത്രീകൾക്കോ ഞാനെഴുതിയ പോസ്റ്റ് അപമാനകരമായി തോന്നിയെങ്കിൽ ശിരസ്സുനമിച്ചു ക്ഷമപറയുന്നു. ഇനിയെഴുതുമ്പോൾ ഇതിലും ശ്രദ്ധ കാണിക്കാൻ ശ്രമിക്കും;
എന്നാലും തെറ്റുപറ്റിയെന്നു വരാം.
അവിടുന്നും തിരുത്തി മുന്നോട്ട് പോവാൻ ശ്രമിക്കും.
ഇനി ആദരണീയനായ എന്റെ മാന്യസുഹൃത്ത് വി.ടി.ബൽറാമിനോടാണ്.
പറഞ്ഞു പറയിപ്പിക്കുന്നതാണ്; പറയാതിരിക്കാൻ നിവൃത്തിയില്ല.
പ്രിയപ്പെട്ട വി.ടി.ബൽറാം.
ഈയൊരു മഹാനെപ്പറ്റി ആദ്യമായ് ‘നല്ല’ കാര്യം കേൾക്കുന്നത് അഞ്ചു കൊല്ലം മുൻപാണ്.
ചെന്നിത്തലയുടെയും ഷാനവാസിന്റെയോമൊക്കെ കൂടെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോൾ കേരളത്തിനു വെളിയിൽ കഴിയുന്ന, അവിടെ നിന്നുകൊണ്ട് കോൺഗ്രസിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നൊരു സ്ത്രീയാണ്; പ്രതിപക്ഷ ബഹുമാനത്തോടെ സംവദിക്കാറുള്ളതാണ് ഞങ്ങൾ.
മഹാൻ ‘നല്ല’ സ്വഭാവക്കാരനാണ് എന്ന മട്ടിൽ പറഞ്ഞപ്പോൾ
‘ഞാനത് വിശ്വസിക്കില്ല’ എന്നാണ് പറഞ്ഞത്.
നമ്മുടെ കൈയിൽ തെളിവുകൾ ഇല്ലാത്ത കാര്യം നമ്മളെങ്ങനെ വിശ്വസിക്കും! നമ്മളെന്തിന് വിശ്വസിക്കണം?
പക്ഷേ, അവരെന്നോട് പറഞ്ഞ മറുപടി…
‘മാഷേ…ഞാനും വിശ്വസിച്ചിരുന്നില്ല…എന്നോടുമവൻ ഇതുപോലെ പറയുന്നതുവരെ എന്നല്ല…പറഞ്ഞതിനു ശേഷവും എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ മോന്റെ പ്രായമേയുള്ളൂ അവനെന്നോർക്കണം’
അതുണ്ടാക്കുന്നൊരു ഷോക്ക്…അതൊന്നാലോചിച്ചു നോക്കണം നിങ്ങൾ.’
കിടുങ്ങിപ്പോയ ഞാൻ തിരിച്ചു ചോദിച്ചു:
‘പാർട്ടിയിൽ ആരോടെങ്കിലും പറയാമായിരുന്നില്ലേ?’
‘പറഞ്ഞിട്ടുണ്ട് മാഷേ…വി.ടി.ബൽറാമിനൊക്കെ ഇതറിയാം.’
പ്രിയപ്പെട്ട വി.ടി.ബൽറാം.
ആ കുട്ടിയെ, ഡിഗ്രിക്ക് പോവുന്ന കാലം തൊട്ട് എനിക്കറിയാം. ജേർണലിസ്റ്റാവണമെന്ന മോഹം പറയുമ്പോഴൊക്കെ പത്രം സിനിമയിലെ മഞ്ജുവല്ല ഡെസ്കിലെ ജോലിക്കാർ എന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ് ചെയ്തത്. അവൾ ചാനലിലൊന്നിൽ, സ്ക്രീനിനു പിറകിൽ ജോലിചെയ്യുന്ന കാലമാണ്; കോഴിക്കോട്ട് KLF നടക്കുന്ന നേരമാണ്. ആകെ frustrated ആയവളെ ഞാൻ കാണുന്നത്. ചെറുതായി പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ ദേഷ്യം മുഴുവൻ അന്തിച്ചർച്ചക്കാരോടാണെന്നറിയുന്നത്. അതെന്തിനപ്പാ എന്നറിയാൻ പിന്നെയും ചോദിച്ചപ്പോഴാണ് മുകളിൽ കേട്ട അതേ യുവനേതാവിന്റെ പേര് പറയുന്നത്.
‘മറുത്തു പറഞ്ഞുകൂടായിരുന്നോ?’ എന്നു ചോദിച്ചപ്പോഴാണ് രണ്ടു വാക്കുകൾ തമ്മിലുള്ള വ്യത്യാസം അവൾ പറഞ്ഞതന്നത്.
‘മാഷേ…ഇത് കോഴിത്തരമല്ല…He is a predator of the worst kind.
അവരുടെ Modus Operandi നമ്മളൊക്കെ ആലോചിക്കുന്നതിലും മേലെയാണ്.’
‘നിന്റെ ഓഫീസിൽ കൂട്ടുകാരികളോടെങ്കിലും പറയാമായിരുന്നില്ലേ?’ എന്ന് ചോദിച്ചു:
‘ഒരു വിധപ്പെട്ട എല്ലാവർക്കും ഇതേ അനുഭവമുണ്ട്.’
സീനിയറായൊരു ചേച്ചി, അക്ഷരാർത്ഥത്തിൽ ട്രോമയിലാണെന്ന് പറഞ്ഞു.
അടുത്ത വഴി. ഇവളുടെയും എന്റെയും ഒരു കോമൺ ഫ്രണ്ട്, നിലവിൽ യൂത്ത് കോൺഗ്രസിലെ, അറിയപ്പെടുന്നൊരു വനിതാ മുഖമാണ്. അവളോട് പറയാമായിരുന്നില്ലേ എന്നു ചോദിച്ചു. രണ്ടാമത്തെ തവണ തന്നെ അവളോട് പരാതി പറഞ്ഞെന്നു പറഞ്ഞു.
ആ വനിതാ നേതാവ് പറഞ്ഞ മറുപടി കൂടി എഴുതാം:
‘എന്നോടും വേറെ ചിലരോടും ഇവൻ ഇങ്ങനെത്തന്നെ Misbehave ചെയ്തിട്ടുണ്ട്.
പി.സി.സി പ്രസിഡണ്ടിനോട് വരെ പരാതി പറഞ്ഞിട്ടുണ്ട്’. ഒരു കാര്യവും ഉണ്ടായിട്ടില്ല.’
ഒന്നും പറയാനില്ലാത്ത ഞാൻ കോഴിക്കോട്ടെ കടലിലേക്ക് നോക്കിയിരുന്നു.
പ്രിയപ്പെട്ട വി.ടി.ബൽറാം.
ഇപ്പോൾ ഞാൻ ക്ഷമ പറഞ്ഞു കഴിഞ്ഞ റേഡിയോ മാംഗോ പോസ്റ്റ് ഷെയർ ചെയ്ത രാത്രി പ്രായം കൊണ്ടും പരിചയം കൊണ്ടും നിങ്ങളെക്കാൾ
സീനിയറായ രണ്ടുനേതാക്കൾ എന്നെ വിളിച്ചിരുന്നു. ‘വിവരങ്ങൾ അറിഞ്ഞിട്ടാണോ ഇങ്ങനെ എഴുതിയത്’ എന്ന മട്ടിൽ ചോദിച്ചു. എനിക്കറിയുന്നത് പേരു പറയാതെ പറഞ്ഞു. അവരാരും അത് നിഷേധിച്ചില്ല; തർക്കിച്ചില്ല.
‘വല്യ സങ്കടമാണ്’ എന്നു പറഞ്ഞൊരാൾ ഫോൺ വെച്ചു.
പ്രിയപ്പെട്ട വി.ടി.ബൽറാം.
നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്ന നിങ്ങളിൽപ്പെട്ട ഒരു വനിതാനേതാവ് ഈ പുകില് തുടങ്ങിയ ശേഷം പറഞ്ഞതു കൂടി പറഞ്ഞു നിർത്താം.
‘ഞെട്ടിയിരിക്കുവാണ്…ഈ നാറി അപ്രോച്ച് ചെയ്യാത്ത ഒരാൾ പോലും ഞങ്ങളുടെ ഗ്രൂപ്പിൽ ഇല്ലെന്ന ഞെട്ടലിലാണ് ഞങ്ങൾ.’
നിങ്ങളിലും ഷാഫിയിലും ഇന്നു രാവിലെ വരെ പ്രതീക്ഷയുണ്ടായിരുന്ന ഞാൻ നിങ്ങൾ രണ്ടുപേരുടെയും പേരു പറഞ്ഞു.
‘അവരോട് പലവട്ടം പറഞ്ഞതാണ് സർ…No use at all.’
ഇതായിരുന്നു മറുപടി.
പ്രിയപ്പെട്ട വി.ടി.ബൽറാം.
സൈബർ സ്പേസിൽ നിങ്ങളെ അധിക്ഷേപിച്ചു വിളിക്കുന്ന പേര് വിളിക്കാൻ ഞാൻ തയാറാവാത്തത് എന്റെ ശീലമെന്ന് കരുതുക.
പത്തിലൊൻപതും ക്രാപ്പാണെന്ന് Theodore Sturgeon പറഞ്ഞത് ഞാൻ പറഞ്ഞു എന്നത് നേരാണ്. ഞാൻ വീഡിയോ ഷെയർ ചെയ്യുന്ന നേരത്തുതന്നെ നിങ്ങൾ അത് കാണാറുണ്ടെന്നതിൽ നന്ദിയുമുണ്ട്. പറഞ്ഞ് കേൾക്കുന്ന/പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ
സത്യമുണ്ടെന്ന് ഇതേ Sturgeon തന്നെ പറയുന്ന പത്തിൽപ്പെട്ടതാണ് താങ്കളുടെ മഹനീയ ചങ്ങാതിയെപ്പറ്റി ഇപ്പോൾ പടരുന്ന കാര്യങ്ങളെന്നും താങ്കൾക്കറിയാമല്ലോ. എന്നെ അധിക്ഷേപിച്ചുകൊണ്ടായാലും KPCC ലീഡർഷിപ്പിൽ നിന്ന്, ഈ വിഷയത്തിൽ ആദ്യമായ് പ്രതികരിക്കുകയും അറിയാത്തവരെയും കൂടി അറിയിക്കുകയും ചെയ്യുന്നതിൽ താങ്കൾക്കുള്ള ഉദ്ദേശമെന്തായാലും അത് ചങ്ങാതിയെ രക്ഷിക്കാനാവില്ലെന്നറിയാം.
ദിലീപിന് വേണ്ടി നിലത്തുകിടന്ന ധർമജനേക്കാൾ മോശം വേഷമാണ് നിങ്ങളിപ്പോൾ ആടുന്നതെന്നറിയുക.
പ്രിയപ്പെട്ട വി.ടി.ബൽറാം.
എന്റേതടക്കമുള്ള പ്രതികരണങ്ങളിൽ പിശകുകൾ ഉണ്ടെന്നാൽ തുറന്നെതിർക്കാം. പക്ഷെ, പതിനെട്ടു മുതൽ അറുപതുവരെ പ്രായമുള്ള
പല പെണ്ണുങ്ങളെ അപമാനിച്ചുവെന്ന്, ട്രോമയിലേക്ക് തള്ളിയിട്ടെന്ന നിരന്തര പരാതികൾ പടരുന്നൊരു കക്ഷിയെ രക്ഷിച്ചെടുക്കാനാവരുത് അതൊന്നും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഏതെങ്കിലും നേതാവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്ന സമയത്ത് ഞാൻ തുറന്നെതിർക്കാതിരുന്നിട്ടുണ്ടോ എന്നുകൂടി ആലോചിക്കുക താങ്കൾ.
പ്രിയപ്പെട്ട വി.ടി.ബൽറാം.
നിങ്ങളടക്കം, പൊതുരംഗത്തു നിൽക്കുന്ന സകലമനുഷ്യർക്കും അപമാനമാണ് ഇങ്ങനെയൊരാൾ. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സകലമനുഷ്യർക്കും ചാനലുകളിൽ ജോലിചെയ്യുന്ന സകല പെണ്ണുങ്ങൾക്കും അപമാനമാണ് ഇങ്ങനെയൊരാൾ. എന്തിന്റെ പേരിലായാലും അയാളെ താങ്ങി നിർത്തരുത്.
വേറൊരു കാര്യം കൂടി.
സ്ത്രീപീഡനാരോപണങ്ങളിൽപ്പെടുന്ന പുരുഷൂസിനെ രക്ഷിച്ചെടുക്കാൻ, സ്ത്രീവേഷം കെട്ടിയവർ ലോകം മുഴുവൻ ഇറക്കുന്ന മൂന്ന് നമ്പറുകളുണ്ട്.
ഒന്ന്:
ഇത്രകാലമായിട്ടും എന്നോടയാൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല; അതുകൊണ്ടിത് സത്യമല്ല.
(നിങ്ങളിൽ അയാൾക്ക് താല്പര്യമില്ലാത്തതുകൊണ്ടു മാത്രമാവുമത് സഹോദരീ)
രണ്ട്:
കാര്യമറിഞ്ഞപ്പോൾ നിങ്ങൾ പ്രതികരിച്ചത് ശരിയായ ഭാഷയിലല്ല; അതുകൊണ്ട് ഞാൻ നിങ്ങൾക്കൊപ്പമില്ല.
(നിങ്ങൾ ശരിയായ ഭാഷയിൽ പ്രതികരിച്ച്, ആരോപണവിധേയനെ തുറന്നുകാണിക്കൂ സഹോദരീ)
മൂന്ന്:
അങ്ങനെയുണ്ടെന്നാൽ കേസ് കൊടുക്കട്ടെ.
(കേസ് കൊടുത്താൽപ്പിന്നെ നിങ്ങടെ സപ്പോട്ട വേണ്ടല്ലോ സഹോദരീ.)
ഒരിക്കൽക്കൂടി പറയുന്നു:
ആ യുവതിക്കോ, മറ്റേതെങ്കിലും സ്ത്രീകൾക്കോ സുഹൃത്തുക്കൾക്കോ ഞാനെഴുതിയ പോസ്റ്റ് അപമാനകരമായി തോന്നിയെങ്കിൽ ശിരസ്സുനമിച്ചു ക്ഷമപറയുന്നു.
ഒന്നായ് വന്ന് എത്ര തെറി വിളിച്ചാലും, ചിത്രം വെച്ച് എത്ര പോസ്റ്ററടിച്ചാലും മിണ്ടാതിരുത്താമെന്ന് ആരും വിചാരിക്കേണ്ടതില്ലെന്നും വിനീതമായ് പറയുന്നു.
പ്രേംകുമാർ.
Discussion about this post