റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ ആയിരുന്ന വിരാട് കോഹ്‌ലിയുടെ നായകത്വത്തെക്കുറിച്ച് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി ഒരു വലിയ വെളിപ്പെടുത്തൽ നടത്തി രംഗത്ത്. 2013 ൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‌ലി 2021 വരെ ഫ്രാഞ്ചൈസിയെ നയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ കിരീടം ടീമിന് നേടി കൊടുക്കുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു. 2016 ൽ ആർസിബി ഫൈനലിൽ എത്തിയെങ്കിലും അവിടെ ടീമിന് കിരീടം നേടാനായില്ല. വിരാട് ആ സീസണിൽ 900 ൽ അധികം റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. പക്ഷേ തുടർന്നുള്ള സീസണുകളിൽ ടീമിന് ആ സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല.
ഓരോ മത്സരത്തിനു ശേഷവും പ്ലെയിംഗ് ഇലവനെ മാറ്റാനുള്ള കോഹ്‌ലിയുടെ തന്ത്രങ്ങൾ പലരും ചോദ്യം ചെയ്തു. ഈ വർഷം രജത് പട്ടീദർ ആർസിബിയെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിച്ചതോടെ ഐപിഎൽ കിരീടത്തിനായുള്ള അദ്ദേഹത്തിന്റെയും ടീമിന്റെയും കാത്തിരിപ്പ് അവസാനിച്ചു.
ബെംഗളൂരു ടീമിനായി കളിച്ച മുമ്പ് കളിച്ച മോയിൻ, വിരാട് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ആർസിബി ആഗ്രഹിച്ചുന്നുവെന്നും സീനിയർ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിനെ ആ സ്ഥാനത്ത് കൊണ്ടുവരാൻ ആലോചിച്ചെന്നും പറഞ്ഞിരിക്കുന്നു. “അതെ, അവർ പട്ടേലിനെ നായകനാക്കാൻ ആഗ്രഹിച്ചു ..” മോയിൻ അലി പറഞ്ഞു.
ഗാരി കിർസ്റ്റൺ ആർസിബി പരിശീലകനായ സമയത്ത് ആയിരുന്നു ഇങ്ങനെ ഒരു ആലോചന നടന്നതെന്നും എന്നാൽ സംഭവം യാഥാർഥ്യം ആയില്ല എന്നും അലി പറഞ്ഞു. “ഗാരി കിർസ്റ്റൺ പരിശീലകൻ ആയിരുന്ന സമയം ആയിരുന്നു അത്. പാർഥിവ് നായകൻ ആകണം എന്ന് അയാൾ ആഗ്രഹിച്ചു. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ പാർഥിവ് ബുദ്ധിമാനായിരുന്നു. പക്ഷെ ആ നീക്കം നടന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post