സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ഏപ്രിൽ,മെയ് മാസങ്ങളിൽ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചർച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ നമ്മുടെ സ്‌കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.’ വി. ശിവൻകുട്ടി പറഞ്ഞു.
അവധിക്കാലം മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. കുട്ടികൾക്ക് പാടത്തും പറമ്പിലും കളിച്ചുതിമിർക്കാൻ കിട്ടുന്ന ഒരേയൊരു സമയമാണ് വേനലവധിയെന്നും അത് ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റിയാൽ അവർ വീട്ടകങ്ങളിൽ അടച്ചിടപ്പെടുമെന്നെല്ലാം കമന്റുകൾ വരുന്നുണ്ട്.
Discussion about this post