ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്നപ്പോൾ ടെസ്റ്റിൽ ഇന്ത്യ 6 റൺസിന്റെ ആവേശകരമായ വിജയം നേടി പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിപ്പിച്ചു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് ഇന്ത്യ ജയിച്ചു കയറിയത്. പരമ്പരയിലെ മികച്ച പ്രകടനത്തിന് ഇരുടീമിലെയും ഓരോ താരങ്ങൾക്ക് മാൻ ഓഫ് ദി സീരീസ് അവാർഡും കിട്ടി.
ഇംഗ്ലണ്ട് മുഖ്യ പരിശീലകനായ ബ്രണ്ടൻ മക്കല്ലം ശുഭ്മാൻ ഗില്ലിനെ അവാർഡിനായി തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ പരിശീലകൻ ഗംഭീർ ഇംഗ്ലണ്ടിന്റെ ഹരി ബ്രൂക്കിനെ അവാർഡിനായി തിരഞ്ഞെടുത്തു. എന്നിരുന്നാലും, മക്കല്ലത്തിന് മനംമാറ്റം തോന്നിയെന്നും അംഗീകാരം മുഹമ്മദ് സിറാജിന് നല്കാൻ ആഗ്രഹിച്ചുവെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് വെളിപ്പെടുത്തി.
നാലാം ദിവസം മത്സരം അവസാനിക്കുമെന്ന് പരിശീലകൻ കരുതി എന്നും ഈ കാരണം കൊണ്ടാണ് ഗില്ലിനെ അവാർഡിനായി തിരഞ്ഞെടുത്തത് എന്നും കാർത്തിക്ക് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : “മത്സരം നാലാം ദിവസം അവസാനിക്കും എന്ന് ഓർത്ത് ശുഭ്മാൻ ഗില്ലിനെ പരമ്പരയിലെ താരമായി അദ്ദേഹം തിരഞ്ഞെടുത്തു. അവാർഡ് ചടങ്ങ് കൈകാര്യം ചെയ്തിരുന്ന മൈക്ക് അതേർട്ടൺ എല്ലാ ചോദ്യങ്ങളും തയ്യാറാക്കിയിരുന്നു. ശുഭ്മാൻ ഗില്ലിനായി എല്ലാം സജ്ജീകരിച്ചിരുന്നു,” കാർത്തിക് വിശദീകരിച്ചു.
എന്നിരുന്നാലും, അഞ്ചാം ദിവസത്തെ മുഹമ്മദ് സിറാജിന്റെ പ്രകടനം കണ്ടപ്പോൾ 31 കാരനായ ഫാസ്റ്റ് ബൗളർക്ക് സമ്മാനം നൽകാൻ ആഗ്രഹിക്കുന്നതിലേക്ക് ഇംഗ്ലണ്ട് പരിശീലകൻ എത്തി. എന്നിരുന്നാലും, അപ്പോഴേക്കും തീരുമാനം എടുത്തിരുന്നു. പരമ്പരയിലുടനീളം മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചു, 23 വിക്കറ്റുകൾ വീഴ്ത്തി ടോപ് വിക്കറ്റ് വേട്ടക്കാരനായി. പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞതും അദ്ദേഹം തന്നെ, ആകെ 185.3. അഞ്ചാം ടെസ്റ്റിൽ, രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റുകൾ വീഴ്ത്തിയതിന് സിറാജിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
Discussion about this post