ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ ഫലം എങ്ങനെയൊക്കെ വരാം? ജയം, തോൽവി, സമനില, ഫലമില്ല. അതായത് ഇതിൽ ഏതെങ്കിലും ഒരു ഫലം ഒരു ടീമിന് ഉറപ്പ്. എന്നാൽ മത്സരഫലം വന്നപ്പോൾ ആദ്യം തോറ്റ്, പിന്നെ സമനില വഴങ്ങി പിന്നെ തോറ്റ ഒരു കഥ കേട്ടിട്ടുണ്ടോ. അങ്ങനെ ഒരു അപൂർവ സംഭവം ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. 2006 ൽ ഓവലിൽ നടന്ന ഇംഗ്ലണ്ട്- പാകിസ്ഥാൻ മത്സരത്തിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് തവണ മാറിയത്.
നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടും മൂന്നും മത്സരത്തിൽ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുന്നു. നാലാം മത്സരത്തിൽ എങ്കിലും ജയിക്കാൻ പാകിസ്ഥാൻ ആഗ്രഹിച്ചു. ഓവലിൽ നടക്കുന്ന ആ മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല.
പക്ഷെ ആ പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ അവർ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 173 റൺസിൽ ഒതുക്കി. ശേഷം ബാറ്റ് ചെയ്ത അവർ 504 റൺ എടുത്തു. ആദ്യ ഇന്നിങ്സിലെ പോലെ ബോളിങ് നടത്താനായാൽ ഇന്നിംഗ്സ് ജയം തന്നെ പാകിസ്ഥാന് ആ ഘട്ടത്തിൽ സാധ്യമായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ പോയ സമയത്ത് ഇംഗ്ലണ്ട് ചില മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി. വ്യക്തിഗത സ്കോർ 83 റൺസിൽ നിൽക്കെ അലിസ്റ്റർ കുക്ക് ഉമർ ഗുലിന്റെ പന്തിൽ റിവേഴ്‌സ് സ്വിംഗ് വഴി പുറത്തായതിനെ തുടർന്ന് അമ്പയർമാരായ ഡാരെൽ ഹെയറും ബില്ലി ഡോക്ട്രോവും സംശയം തോന്നി കളി നിർത്തിവയ്ക്കുകയും ഉപയോഗിച്ച പന്ത് പരിശോധിക്കാനും തീരുമാനിച്ചു. പന്തിൽ കൃത്രിമം നടന്നതായി ഹെയറും ഡോക്ട്രോവും വിധിച്ചു, ഇംഗ്ലണ്ടിന് 5 പെനാൽറ്റി റൺസ് വിധിച്ചു.
ഈ സംഭവത്തെത്തുടർന്ന്, ചായയ്ക്ക് ശേഷം പാകിസ്ഥാൻ മത്സരം തുടരാൻ വിസമ്മതിച്ചു. കുറച്ച് സമയത്തിന് ശേഷം ഇൻസിയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ താരങ്ങൾ ഗ്രൗണ്ടൽ ഉറങ്ങാൻ വന്നപ്പോൾ അമ്പയർ ഡാരെൽ ഹെയർ ബെയ്‌ൽസ് മാറ്റി, ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ പാക് ബോർഡ് ഈ വിഷയത്തിൽ സമർപ്പിച്ച വാദത്തിന്റെ അടിസ്ഥാനത്തിൽ 2008 ജൂലൈയിൽ ഐസിസി ഈ മത്സരത്തിന്റെ ഫലം സമനിലായി മാറ്റി. എന്നാൽ 2009 ഫെബ്രുവരി 1 ന് എംസിസി, പാകിസ്ഥാൻ ക്രിക്കറ്റ് നിയമങ്ങൾ ലംഖിച്ചു എന്നുള്ള വാദം മുമ്പോട്ട് വെച്ചതിനെ തുടർന്ന് വീണ്ടും ഇംഗ്ലണ്ട് തന്നെ മത്സരത്തിൽ ജയിച്ചതായി പ്രഖ്യാപനം വന്നു.













Discussion about this post