രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ കീപ്പർ ബാറ്റ്സ്മാൻ ആയ സഞ്ജു 2026 ലെ ഐപിഎല്ലിന് മുമ്പ് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സഞ്ജു മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ രാജസ്ഥാന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ, ഫ്രാഞ്ചൈസി 2022 ൽ ഫൈനലിലെത്തി, അവിടെ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു. എന്നിരുന്നാലും, 2025 സീസണിലെ മോശം പ്രകടനത്തിന് ശേഷം, സാംസണും ഫ്രാഞ്ചൈസിയും വേർപിരിയാൻ സാധ്യതയുണ്ടെന്നും തന്നെ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്.
എന്തായാലും എന്താണ് സഞ്ജുവും രാജസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിച്ചത്? നല്ല സൗഹൃദത്തിൽ പോയ ഈ ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചത് 2024 മുതലാണ്. സീസണിൽ രാജസ്ഥാൻ ചെറിയ രീതിയിൽ റിയാൻ പരാഗിന് സഞ്ജുവിന് മുകളിൽ പ്രാധാന്യം നൽകി തുടങ്ങിയത് ആരാധകർക്കും മനസിലായി തുടങ്ങി. ശേഷം 2025 സീസണിൽ സഞ്ജുവിന് പരിക്കുപറ്റിയപ്പോൾ ഉപനായകൻ ജയ്‌സ്വാളിന് പകരം പരാഗ് നായകനാകുന്നു.
അപ്പോൾ തന്നെ രാജസ്ഥാന്റെ പ്ലാനിങ്ങിൽ പരാഗിന് ഉള്ള പ്രാധാന്യം വ്യക്തമായിരുന്നു. ഇത് കൂടാതെ ലേലത്തിലെ സഞ്ജുവിന്റെ പല നിർദേശങ്ങളും രാജസ്ഥാൻ അനുസരിച്ചില്ല. ഇതൊക്കെ ബന്ധം ഉലയാൻ കാരണമായി. ഇത്രയും വർഷവും ടീമിനായി എല്ലാം നൽകിയിട്ടും തന്നോട് ടീം ചെയ്ത ചതിയിൽ സഞ്ജു അസ്വസ്ഥനായി. മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുബ്രമണ്യൻ ബദരീനാഥ് ഈ വിഷയത്തിൽ പറഞ്ഞത് ഇങ്ങനെ- “റിയാൻ പരാഗാണ് കാരണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുകയാണെങ്കിൽ, സാംസണെപ്പോലുള്ള ഒരാൾ തുടരുമെന്ന് നിങ്ങൾ എങ്ങനെ പ്രതീക്ഷിക്കും?”
എന്തായാലും ചെന്നൈ സൂപ്പർ കിങ്‌സാണ് സഞ്ജുവിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ എന്നാണ് ആരാധകരും വിശ്വസിക്കുന്നത്. ആ ട്രേഡ് നടക്കാനുള്ള സാധ്യതയും കൂടുതലാണ്.













Discussion about this post