ന്യൂഡൽഹി : ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന കാര്യം കേന്ദ്രസർക്കാരാണ് വ്യക്തമാക്കേണ്ടത് എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എട്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിലെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
കേന്ദ്രഭരണ പ്രദേശത്തെ അടിസ്ഥാന യാഥാർത്ഥ്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. അക്കാദമിഷ്യൻ സഹൂർ അഹമ്മദ് ഭട്ടും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ അഹമ്മദ് മാലിക്കും ആണ് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
പാർലമെന്റും എക്സിക്യൂട്ടീവുമാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്ന് സുപ്രീംകോടതി അറിയിച്ചു. തീരുമാനമെടുക്കൽ പ്രക്രിയയിൽ നിരവധി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്ന കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി ശരിവെച്ചു. ഹർജി എട്ട് ആഴ്ചയ്ക്ക് ശേഷം വാദം കേൾക്കുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചു. ഈ സമയത്തിനുള്ളിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post