2025 ലെ ഏഷ്യാ കപ്പിന് മുന്നോടിയായിട്ടുള്ള സ്‌ക്വാഡിൽ പാകിസ്ഥാൻ അവരുടെ രണ്ട് പ്രമുഖ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനും ഒഴിവാക്കി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 28 വരെ യുഎഇയിൽ നടക്കാനിരിക്കുന്ന ടി20 ഐ ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാ കപ്പിനുമുള്ള 17 അംഗ ടീമിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഞായറാഴ്ച പ്രഖ്യാപിക്കുക ആയിരുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, യുഎഇ എന്നിവ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
എട്ട് ടീമുകൾ പങ്കെടുക്കുന്ന എസിസി ഏഷ്യാ കപ്പ് ടി20 ഐ ടൂർണമെന്റ് സെപ്റ്റംബർ 9 മുതൽ 28 വരെ അബുദാബിയിലും ദുബായിലുമായി നടക്കും. ഇന്ത്യ, ഒമാൻ, യുഎഇ എന്നിവയ്‌ക്കൊപ്പം പാകിസ്ഥാൻ ഗ്രൂപ്പ് ‘എ’യിലാണ്. യുഎഇയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും തുടർന്ന് യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുമുള്ള പാകിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി സൽമാൻ അലി ആഗയെ നിയമിച്ചു.
ബാബറും റിസ്‌വാനും സമീപകാലത്ത് നടത്തിയ മോശം ഫോം പ്രകടനം തന്നെയാണ് ഇവരുടെ പുറത്താക്കലിന് കാരണമായത്. 17 അംഗ ടീമിൽ ഫഖർ സമാൻ, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഫഹീം അഷ്‌റഫ് തുടങ്ങിയ സീനിയർ താരങ്ങളും സെയ്ം അയൂബ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ് തുടങ്ങിയ യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്.
പാകിസ്ഥാൻ ടീം: സൽമാൻ അലി ആഘ (c), അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (wk), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്‌സാദ ഫർഹാൻ, സെയ്ം അയൂബ്, സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫ്യാൻ മോകിം.













Discussion about this post