വാഷിംഗ്ടൺ ഡിസി : യുക്രൈൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലെൻസ്‌കി വിചാരിച്ചാൽ റഷ്യമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ക്രിമിയ റഷ്യ വിട്ടു തരില്ല. നാറ്റോ സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം യുക്രൈൻ ഉപേക്ഷിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
“യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് ഓർക്കുക. ഒബാമ നൽകിയ ക്രിമിയ തിരികെ നൽകില്ല, ഉക്രെയ്‌നിന് നാറ്റോയിൽ ചേരാനും കഴിയില്ല” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതി.
വോളോഡിമർ സെലെൻസ്‌കി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ട്രംപിനെ കാണുന്നതിന് മുന്നോടിയാണ് യുഎസ് പ്രസിഡന്റിന്റെ ഈ പോസ്റ്റ്. നാറ്റോ സഖ്യത്തിൽ അംഗമാകുക എന്ന ലക്ഷ്യം മുന്നിൽ വച്ചായിരുന്നു മൂന്നുവർഷത്തിലേറെ നീണ്ട യുദ്ധം യുക്രൈൻ നടത്തിയത്. എന്നാൽ സമാധാനക്കരാറിനായി യുക്രൈന്റെ ഈ ആഗ്രഹം ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോൾ ട്രംപ് നൽകുന്നത്.
Discussion about this post