72 വർഷങ്ങൾക്ക് മുൻപുള്ള ഒരു തണുപ്പുള്ള രാത്രി..അനന്തപുരിയിലെ പാലോടിനടുത്ത് മൈലുംമൂടെന്ന മലയോരഗ്രാമം…അവിടെ പാലോട് നിന്നും കല്ലറയ്ക്ക് പോകുന്ന ഒരു റോഡുണ്ട്…കാടിന്റെ വന്യതയാൽ മനോഹരിയായ പാത. ഇരുട്ട് വീണാൽ ജീവനിൽ കൊതിയുള്ള മനുഷ്യരാരും സഞ്ചരിക്കാൻ ഭയപ്പെടുന്ന,യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന വളഞ്ഞുപുളഞ്ഞ റോഡ്. റോഡിനരികെ ഒരാൾ കാത്തിരിപ്പുണ്ട്.. വെളുത്ത് മെലിഞ്ഞ് കേവലം 20 വയസുള്ള ഒരു സ്ത്രീരൂപം,കണങ്കാൽ വരെ നീണ്ട് കിടക്കുന്ന തലമുടി.. ,കരിനീലകണ്ണുകളിൽ ദു:ഖഭാവം..സുമതി എന്നാണവളുടെ പേര്. കാമുകനാൽ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരു നാട്ടിൻപുറത്തുകാരി.
അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ‘ സുമതി വളവ്’ എന്ന ഹൊറർ കോമഡി ചലച്ചിത്രം പലതും ഓർമ്മിപ്പിക്കുകയാണ്. സുമതി വളവ് തീയേറ്ററുകളിൽ നിന്ന് കോടികൾ വാരുമ്പോൾ യഥാർത്ഥ സുമതിയുടെ കഥയറിഞ്ഞാലോ?
തിരുവനന്തപുരം നഗരത്തിൽ നിന്ന് 32 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന പാലോട് എന്ന ഗ്രാമത്തിനപ്പുറമാണ് ഈ സുമതി വളവ്. പാലോട് നിന്ന് കല്ലറയിലേക്ക് പോകുന്ന വഴി 4.7 കി.മീറ്റർ സഞ്ചരിച്ചാൽ സുമതി വളവിലെത്താം. 72 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1953 ജനുവരി 27 ഗ്രാമത്തിൽ നടന്ന അതിക്രൂര കൊലപാതകമാണ് എല്ലാത്തിനും അധാരം.
ഗ്രാമത്തിലെ കാരേറ്റിലെ താണു മുതലാളിയുടെ വീട്ടിലെ വേലക്കാരിലൊരാളായിരുന്നു അവൾ.കൗമാരം പൂർണമായും വിട്ടിട്ടില്ലാത്ത കൊച്ചുപെൺകുട്ടി. മുതലാളിയുടെ മകന്റെ സ്‌നേഹവാക്കുകളിൽ വീണ് പോയ പാവം. രത്‌നാകരൻ എന്നായിരുന്നു അയാളുടെ പേര്. 20 കാരിയായ സുമതിയിൽ അയാൾക്ക് മോഹമുണർന്നു. പ്രണയാഭ്യർത്ഥന നടത്തി. ചന്തയിൽ ജോലി ചെയ്തിരുന്ന അമ്മ മാത്രമുള്ള തനിക്ക് സ്വപ്‌നം കാണാവുന്നതിലും അപ്പുറമുള്ള ബന്ധമാണെന്നറിയാവുന്ന സുമതി അഭ്യർത്ഥന നിരസിച്ചു. എന്നാൽ ഏത് പ്രതിസന്ധിയിലും കൈവിടില്ലെന്ന രത്‌നാകരന്റെ വാക്കുകളിൽ അവൾ വീണു. അങ്ങനെ ഇരുവരും പ്രണയത്തിലായി. വിവരം കാട്ടുതീപോലെ ഗ്രാമത്തിലാകെ പടർന്നു. കേവലമൊരു വീട്ടുവേലക്കാരിയുമായുള്ള തന്റെ ബന്ധം കുടുംബം സമ്മതിക്കിലെന്ന് മനസിലാക്കിയ 24 കാരനായ രത്‌നാകരൻ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. പക്ഷേ….സമയമേറെ വൈകിപ്പോയിരുന്നു. സുമതി ഗർഭിണിയായിരുന്നു. വിവാഹം കഴിക്കാതെ ഗർഭിണിയായ സ്ത്രീയെന്ന അപമാനം സഹിക്കാൻ വയ്യെന്നും തന്നെ സ്വന്തമാക്കണമെന്നും സുമതി ശാഠ്യം പിടിച്ചു. ഏത് വിധേനെയും ഇരുചെവിയറിയാതെ സുമതിയെ തലയിൽ നിന്നൊഴിവാക്കണമെന്നായി രത്‌നാകരന്.
സുഹൃത്തായ രവീന്ദ്രനെ കൂട്ടുപിടിച്ച് സുമതിയെ അപായപ്പെടുത്താനുള്ള തീരുമാനത്തിലെത്തി ആ വഞ്ചകൻ. 1953 ജനുവരി 27 ചൊവ്വാഴ്ച 10 മണി. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം. ക്ഷേത്രോത്സവത്തിന് ഒരുമിച്ച് പോകാമെന്ന് തെറ്റിദ്ധരിപ്പിച്ച് രത്‌നാകരൻ തന്റെ അംബാസിഡർ കാറിൽ സുമതിയെയും കൂട്ടി ഇറങ്ങുന്നു. തമിഴ്നാട്ടിലെവിടെയെങ്കിലും പോയി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് അവളെക്കൂട്ടി ഇറങ്ങിയതെന്നും ഒരു കഥയുണ്ട്. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ രവീന്ദ്രനും കാറിൽ കയറി.
അമ്പലത്തിലേക്ക് കുറുക്കുവഴിയുണ്ടെന്ന് സുമതിയെ തെറ്റിദ്ധരിപ്പിച്ച് പാങ്ങോടേക്ക് പോകുന്നതിന് പകരം കാർ പാലോടേക്ക് തിരിച്ചു. അമ്പലത്തിലേക്ക് ഇറങ്ങിനടക്കും വഴി താൻ വിശ്വസിച്ച കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ സുമതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പരാജയമായിരുന്നു ഫലം. രത്‌നാകരനും രവീന്ദ്രനും സുമതിയെ പിടികൂടി കാട്ടുവള്ളികൾകൊണ്ട് കൈകൾകൂട്ടിക്കെട്ടി വലിച്ചിഴച്ചു. വനമെന്ന് തെറ്റിദ്ധരിച്ച് അവരെത്തിയത് റോഡരികിലെ മരക്കൂട്ടിത്തിനിടയിലേക്കായിരുന്നു. പിന്നെ നടന്നത് കൊടും ക്രൂരത, കുഞ്ഞിനെ ഓർത്തെങ്കിലും വെറുതെ വിടണമെന്ന് സുമതി കരഞ്ഞപേക്ഷിച്ചെങ്കിലും രത്‌നാകരന്റെ കയ്യിലെ കത്തി അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങി. ജീവനറ്റ ശരീരം ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു. പിറ്റേന്ന് ഈറ്റവെട്ടാനെത്തിയ ആദിവാസികളാണ് സുമതിയുടെ മൃതദേഹം കാണുന്നത്. അന്നുമുതലാണ് ഇവിടം സുമതിയെ കൊന്ന വളവാകുന്നത്.സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് രത്നാകരനും രവീന്ദ്രനും പോലീസിന്റെ പിടിയിലാകുന്നത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരുവരും പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതരായി.
ഈ കൊലപാതക കഥയാണ് പൊടിപ്പും തൊങ്ങലും വച്ച് പ്രതികാരദാഹിയായ യക്ഷിക്കഥയായി മാറിയത്. ക്രൂരമായി കൊല്ലപ്പെട്ട ഗർഭിണിയായ സുമതി ആരെയും ആ വഴി സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ ആ സംഭവകഥയെ ആരൊക്കെയോ ചേർന്ന് വളച്ചൊടിച്ചു. ഇരുട്ട് വീണുകഴിഞ്ഞ് ഇതുവഴി യാത്രചെയ്യുന്നവർ ഈ വളവിലെത്തുമ്പോൾ ഒരു സ്ത്രീരൂപത്തെ കണ്ടതായി പറയപ്പെടുന്നുണ്ട്. ഇങ്ങനെ പലതരം കഥകളാണ് നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നത്. ചില വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ എൻജിൻ ഓഫ് ആയി നിന്നു പോകാറുണ്ടത്രേ…
സിനിമ ഇറങ്ങിയതോടെ വീണ്ടും സുമതി വളവും സുമതി കൊലക്കേസും വാർത്തകളിൽ നിറയുകയാണ്. സുമതി വളവിൽ സുമതിയുടെ കഥയാണോ അതോ അതൊരു യക്ഷിക്കഥയാണോ എന്നതൊക്കെ സിനിമ കാണുമ്പോൾ മാത്രമേ മനസ്സിലാകുകയുള്ളൂ ..











Discussion about this post