ഗൗതം ഗംഭീറിന് തന്റെ കരിയറിൽ ഉള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വരുൺ ചക്രവർത്തി. ഐപിഎല്ലിൽ നടത്തിയ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021 ടി20 ലോകകപ്പ് ടീമിലെത്തിയ താരത്തെ മോശം പ്രകടനത്തിന് പിന്നാലെ ടീമിൽ നിന്ന് പുറത്താക്കി. എന്നിരുന്നാലും, അദ്ദേഹം തളർന്നില്ല, ബൗളിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്കും ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (ഐപിഎൽ) തിരിച്ചെത്തി. എന്തായാലും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗംഭീർ തന്നെ എങ്ങനെ പിന്തുണച്ചു എന്ന് ചക്രവർത്തി അടുത്തിടെ വെളിപ്പെടുത്തി.
“എന്റെ തിരിച്ചുവരവിൽ ഗൗതി ഭായ് എന്നെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ പ്രചോദിപ്പിക്കുകയും എപ്പോഴും എന്റെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തിട്ടുണ്ട്. എല്ലാവരും എന്നെ അവഗണിച്ചാലും ഞാൻ അദ്ദേഹത്തിന്റെ പദ്ധതികളുടെ ഭാഗമാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിൽ ഒരു യോദ്ധാവിന്റെ മനോഭാവം അദ്ദേഹം കൊണ്ടുവരുന്നു, അത് കെകെആറിലും ചാമ്പ്യൻസ് ട്രോഫിയിലും ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു,” ചക്രവർത്തി റെവ്‌സ്പോർട്‌സിനോട് പറഞ്ഞു.
മികച്ച പ്രകടനത്തിന് പിന്നാലെ 2024 ൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ വരുൺ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി എത്തി. അതിനുശേഷം താരം തിരിഞ്ഞുനോക്കിയിട്ടില്ല. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 11.25 ശരാശരിയിലും 7.58 എന്ന ഇക്കോണമിയിലും 31 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു.
സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയെയും അദ്ദേഹം പ്രശംസിച്ചു. “സൂര്യകുമാർ യാദവ് രോഹിത് ശർമ്മയ്ക്ക് സമാനമാണ്. അദ്ദേഹം ഒരു നല്ല ക്യാപ്റ്റനാണ്, മുംബൈ ഇന്ത്യൻസുമായുള്ള (MI) അദ്ദേഹത്തിന്റെ പ്രവർത്തനം നിസ്സംശയമായും അദ്ദേഹത്തിന്റെ നേതൃപാടവം വർദ്ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ബൗളർമാരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നില്ല, അദ്ദേഹത്തെ ക്യാപ്റ്റനായി കിട്ടിയത് ഭാഗ്യമാണ്,” വരുൺ കൂട്ടിച്ചേർത്തു.
ചക്രവർത്തി 2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കായി കളത്തിൽ ഇറങ്ങും.
Discussion about this post