2027 ലെ ഏകദിന ലോകകപ്പ് രോഹിത് ശർമ്മയുടെ അവസാന ഏകദിന ടൂർണമെന്റായിരിക്കുമെന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും രോഹിത് ശർമ്മ ഇതിനകം വിരമിച്ച സാഹചര്യത്തിൽ, ശുഭ്മാൻ ഗില്ലിന് രോഹിത് ബാറ്റൺ കൈമാറുമെന്ന് കൈഫ് പറഞ്ഞു. ഗിൽ നിലവിൽ ടെസ്റ്റ് ക്യാപ്റ്റനാണ്, അടുത്തിടെ ടി20 ഫോർമാറ്റിൽ വൈസ് ക്യാപ്റ്റനായി നിയമിതനായി. ഏകദിന ഫോർമാറ്റിൽ രോഹിതിന് പകരം ഗിൽ നായകനാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
കൈഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഗിൽ 2000 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും ഭാവി ക്യാപ്റ്റനാണ് അദ്ദേഹം. ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന അദ്ദേഹം ടി20 ഏഷ്യാ കപ്പിനുള്ള വൈസ് ക്യാപ്റ്റനാണ്. രോഹിതിന് 38 വയസ്സുണ്ട്, 2027 ലെ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കും. അദ്ദേഹം പോകുമ്പോൾ ഗിൽ ക്യാപ്റ്റനാകും,” കൈഫ് പറഞ്ഞു.
2024-ൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഗിൽ ഉണ്ടായിരുന്നില്ല. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ അദ്ദേഹത്തിന് ക്യാപ്റ്റന്റെ ആംബാൻഡ് ലഭിച്ചു. പരമ്പരയ്ക്ക് ശേഷം, അദ്ദേഹം അമ്പത് ഓവർ ഫോർമാറ്റിലും റെഡ്-ബോൾ ക്രിക്കറ്റിലും ആണ് കളിച്ചത്. എന്തായാലും 2024 ന് ശേഷമുള്ള തന്റെ ആദ്യ ടി20 മത്സരം അദ്ദേഹം കളിക്കാൻ ഒരുങ്ങുകയാണ്. ഗില്ലിന് സ്ഥാനക്കയറ്റം നൽകിയതിന് പിന്നിലെ കാരണം ചീഫ് സെലക്ടറായ അജിത് അഗാർക്കർ എടുത്തുപറഞ്ഞു.
“അദ്ദേഹത്തിന് നേതൃപാടവമുണ്ട്, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകൾ പോലെ കളിച്ചു. ഭാവി നായകനാകാൻ ഉള്ള കാൻഡിഡേറ്റ് ആണ് അദ്ദേഹം” അഗാർക്കർ പറഞ്ഞു.
21 ടി20 മത്സരങ്ങളിൽ നിന്ന് 30.42 ശരാശരിയിൽ 139.27 സ്ട്രൈക്ക് റേറ്റോടെ ഗിൽ 578 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്.













Discussion about this post