2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ സമ്മതിച്ചതിന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി വീണ്ടും വിമർശനം ഉന്നയിച്ചു. ഗംഭീറിനെ തിവാരി കപടനാട്യക്കാരനെന്ന് വിളിച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് നേരത്തെ ഗംഭീർ പറഞ്ഞിരുന്നു എന്നും എന്നാൽ വാക്കിന് വിരുദ്ധമായിട്ടുള്ള പ്രവർത്തിയാണ് അയാൾ ചെയ്തത് എന്നും തിവാരി പറഞ്ഞു. ഗംഭീറിനോട് രാജിവച്ച് ഈ വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാൻ തിവാരി ആവശ്യപ്പെട്ടു.
“ഗൗതം ഗംഭീർ ഒരു കപടനാട്യക്കാരനാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാനെതിരെ മത്സരിക്കരുതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞതാണ്. എന്നിട്ട് അദ്ദേഹം എന്താണ് ചെയ്തത്” തിവാരി പറഞ്ഞു. “പാകിസ്ഥാനെതിരെ കളിക്കാൻ പോകുന്ന ടീമിന്റെ പരിശീലകനാണ് അദ്ദേഹം. പാകിസ്ഥാനെതിരായ മത്സരത്തിന്റെ പേരിൽ അദ്ദേഹം ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ച് ബിസിസിഐയോട് ടീമിന്റെ ഭാഗമാകില്ലെന്ന് പറയണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഗംഭീർ പാകിസ്ഥാനെതിരായ മത്സരങ്ങൾ കളിക്കരുതെന്ന് പറഞ്ഞിരുന്നു. “തീരുമാനം സർക്കാരിന്റെ കൈയിലാണ്. ക്രിക്കറ്റ് മത്സരത്തേക്കാൾ പ്രധാനം ഇന്ത്യൻ സൈനികരുടെയും പൗരന്മാരുടെയും ജീവനാണെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഗെയിമുകൾ തുടർന്നും നടക്കും, സിനിമകൾ ചിത്രീകരിക്കും, ഗായകർ പാടും, പക്ഷേ ഇത് എന്റെ കൈകളിലല്ല, അധികാരം ബിസിസിഐക്കും സർക്കാരിനുമാണ്,” അദ്ദേഹം പറഞ്ഞു.
“തീരുമാനത്തെ രാഷ്ട്രീയവൽക്കരിക്കാതെ നമ്മൾ അംഗീകരിക്കണം.” ഗംഭീർ പറഞ്ഞു. പാകിസ്ഥാൻ, ഒമാൻ, യുഎഇ എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
Discussion about this post