സംസ്ഥാന സർക്കാർ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെ കയ്യൊഴിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പരിപാടിയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി.മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് വിശദീകരണം. തന്റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിൻ അറിയിച്ചു.
അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു.ഡി.എം.കെയിലെ തന്റെ പാർട്ടി സഹപ്രവർത്തകർ ഹിന്ദുമതത്തെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തിയപ്പോൾ മൗനം പാലിച്ച സ്റ്റാലിനെ ക്ഷണിച്ചതിലൂടെ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ കാപട്യവും ഹിന്ദു വിശ്വാസത്തെ അപമാനിക്കലുമാണ് തുറന്ന് കാട്ടുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും ‘ജനങ്ങളെ വിഡ്ഢികളാക്കാനുള്ള’ കുതന്ത്രത്തിൻറെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഹിറ്റ്ലർ ജൂതന്മാരെ ആഘോഷിക്കുന്നത് പോലെയും, രാഹുൽ ഗാന്ധി സത്യം പറയുന്നത് പോലെയും, ഒസാമ ബിൻ ലാദൻ സമാധാനത്തിന്റെ അപ്പോസ്തലനാകുന്നത് പോലെയും, ഹമാസ്/ജമാഅത്ത് ഇസ്ലാമി മറ്റ് മതസ്ഥരെ ബഹുമാനിക്കുന്നത് പോലെയും, കോൺഗ്രസ്/ഇൻഡി സഖ്യം രാജവംശങ്ങളെയും അഴിമതിയെയും ഉപേക്ഷിക്കുന്നത് പോലെയും, കോൺഗ്രസ്, സിപിഐ(എം), ഡിഎംകെ തുടങ്ങിയ ഇന്ത്യാ സഖ്യകക്ഷികൾ ശബരിമല പരിപാടിയിൽ പോകുന്നത് വാസ്തവവിരുദ്ധമാണ്. കഠിനമാണെങ്കിലും സത്യം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം എന്നെ അത്ഭുതപ്പെടുത്തുകയോ ഞെട്ടിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതിൽ തെറ്റൊന്നുമില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post