സഞ്ജു സാംസൺ തന്റെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിൽ ഇതുവരെ സ്ഥാനം ഉറപ്പിച്ചിട്ടില്ലാത്ത സഞ്ജു മികച്ച പ്രകടനം നടത്തി സെലെക്ടർമാർക്ക് മുന്നിൽ തന്നെ ഒഴിവാക്കാനാകാത്ത ഒരു പേരായി മാറ്റുകയാണ്. ഗില്ലിന്റെ കടന്നുവരവാണ് സഞ്ജുവിന് കാര്യങ്ങൾ ബുദ്ധിമുട്ടിയാക്കിയത്. രണ്ടാം മത്സരത്തിലെ സെഞ്ചുറിയും മൂന്നാം മത്സരത്തിലെ അർദ്ധ സെഞ്ച്വറി കൂടിയായതോടെ സഞ്ജു തനിക്ക് സ്ഥിരത ഇല്ല എന്ന് പറഞ്ഞവരെ കൂടി വെല്ലുവിളിക്കുന്നു.
ഞായറാഴ്ച നടന്ന പോരിൽ 51 പന്തിൽ നിന്ന് 121 റൺസ് നേടിയ സാംസൺ, ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലും തന്റെ മിന്നുന്ന ഫോം തുടർന്നു. 46 പന്തിൽ 89 റൺ നേടിയ സഞ്ജുവിന്റെ പ്രകടനത്തിന് പക്ഷെ ടീമിനെ ജയിപ്പിക്കാനായില്ല.
ഓപ്പണിങ് വിക്കറ്റിൽ ഇറങ്ങിയ സഞ്ജു തുടക്കം മുതൽ തന്നെ തന്റെ ഉദ്ദേശം വ്യക്തമാക്കുന്ന രീതിയിലാണ് കളിച്ചത്. അതിനിടയിൽ 2 വിക്കറ്റ് വീണതോടെ മാസ് ശൈലിയും ക്ലാസ് ശൈലിയും ചേർന്ന രീതിയിലേക്ക് ബാറ്റിംഗ് മാറ്റി. 4 ബൗണ്ടറിയും 9 സിക്‌സും അടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്സ് മാറ്റി നിർത്തിയാൽ മറ്റ് വലിയ സംഭാവനകൾ ഒന്നും കൊച്ചിയുടെ താരങ്ങളിൽ നിന്നും ഉണ്ടായില്ല. അതിനിടയിൽ സിജോമോൻ ജോസഫ് എറിഞ്ഞ അഞ്ചാം ഓവറിലാണ് മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം ഉണ്ടായത്. ജോസഫ് ഓവർസ്റ്റെപ്പ് ചെയ്തതോടെ അമ്പയർ നോ ബോൾ വിളിക്കുന്നു. സഞ്ജു ആകട്ടെ പന്തിൽ എക്സ്ട്രാ കവറിലൂടെ സിക്സ് പറത്തി. തുടർന്ന് സാംസൺ ഫ്രീ ഹിറ്റിലൂടെ മറ്റൊരു കൂറ്റൻ സിക്സ് കൂടി നേടി, ഇതോടെ താരം ഒരു പന്തിൽ 13 റൺസ് നേടി.
ഏഷ്യാ കപ്പിൽ ടീമിലിടം കിട്ടാൻ കഷ്ടപ്പെടുന്ന സഞ്ജുവിന് ഗുണം നൽകുന്നതായി ഈ രണ്ട് ഇന്നിങ്‌സുകളും. ഇതോടെ ഓപ്പണിങ് സ്ഥാനത്തിന് ഗില്ലുമായി നല്ല മത്സരം സഞ്ജു കൊടുക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ഓപ്പണിങ്ങിൽ അല്ലെങ്കിൽ തന്നെ മധ്യനിരയിൽ ഇറക്കിയാലും താൻ തകർക്കും എന്ന് തന്നെയാണ് സഞ്ജു പറയുന്നത്. തന്റെ ഏറ്റവും മികച്ച ഫോമിൽ തന്നെ ഒഴിവാക്കാൻ പറ്റില്ലെന്ന് സഞ്ജു പറയുന്നു.
Discussion about this post