ഓസ്‌ട്രേലിയൻ ക്രിക്കറ്ററും മുൻ നായകനുമായ മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ സ്ഥിതീകരിച്ചു. മൈക്കൽ ക്ലാർക്ക് തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചത്. പെട്ടെന്ന് രോഗം തിരിച്ചറിയാൻ പറ്റിയെന്നും ഇടയ്ക്കിടെ ഉള്ള പരിശോധനകൾ എല്ലാവരും നടത്തണം എന്നും ക്ലാർക്ക് ഓർമിപ്പിച്ചു.
അദ്ദേഹം കുറിച്ചത് ഇങ്ങനെ:
‘സ്കിൻ ക്യാൻസർ സത്യമാണ്. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. ഇന്ന് എൻ്റെ മൂക്കിൽ നിന്ന് മറ്റൊരെണ്ണം മുറിച്ചുകളഞ്ഞു. ഇടയ്ക്കിടെ ത്വക്ക് പരിശോധന നടത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്. പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം. പക്ഷേ, എൻ്റെ കാര്യത്തിൽ ഇടയ്ക്കിടെയുള്ള പരിശോധനയും വേഗം കണ്ടുപിടിച്ചതുമാണ് പ്രധാനമായത്. ഡോ. ബിഷ് സോളിമന് നന്ദി. അദ്ദേഹം ഉള്ളതുകൊണ്ട് രോഗം എളുപ്പത്തിൽ കണ്ടുപിടിക്കാനായി.’- ക്ലാർക്ക് കുറിച്ചു.
2006-ൽ അദ്ദേഹത്തിന് സ്കിൻ ക്യാൻസർ ആദ്യമായി സ്ഥിതീകരിക്കുന്നത്. മുഖത്ത് സംശയിക്കുന്ന പാടുകൾ കണ്ടതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് ചികിത്സ നൽകി. ഉടൻ തന്നെ രോഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 2019-ൽ നെറ്റിയിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ അത് ക്യാൻസർ ആണെന്ന് കണ്ടെത്തുക ആയിരുന്നു.
ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കിടയിലും ക്ലാർക്ക് ഇപ്പോഴും ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസമായി തുടരുകയാണ്. 2003 നും 2015 നും ഇടയിൽ, അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് 115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചു, 8,643 ടെസ്റ്റ് റൺസും ഏകദിനങ്ങളിൽ 7,981 ഉം നേടി. എല്ലാ ഫോർമാറ്റുകളിലായി 94 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.
ഇത് കൂടാതെ താരം 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ചു, 2013-14 ൽ ടീമിനെ 5-0 ആഷസ് തകർപ്പൻ വിജയത്തിലേക്കും 2015 ൽ ലോകകപ്പ് കിരീടത്തിലേക്കും നയിച്ചു. മികച്ച പ്രകടനത്തിന് ശേഷം 2013 ൽ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ, ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ എന്നീ ബഹുമതികൾ നേടിയപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിഗത മികവ് അംഗീകരിക്കപ്പെട്ടു.
View this post on Instagram
Discussion about this post