സ്‌കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കൾക്ക് ശബ്ദസന്ദേശം അയച്ച അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്‌കൂളിലെ അദ്ധ്യാപിക ഖദീജയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപികയെ തള്ളി മാനേജ്‌മെന്റ് നടപടിയെടുത്തത്.ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങൾ ഇതിൽ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അദ്ധ്യാപിക രക്ഷിതാക്കൾക്ക് ശബ്ദസന്ദേശം അയച്ചത്.
ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയ നിർദേശം.കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാൽ ഇസ്ലാം മതവിശ്വാസികൾ അതിനോട് സഹകരിക്കരുത്. നമ്മൾ മുസ്ലിങ്ങൾ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
‘ഓണം ഹിന്ദുമതസ്ഥരുടെ ആചാരമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ ഒരു സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കാരണം മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ‘ശിർക്കായി’ മാറാൻ ചാൻസുണ്ട്. അല്ലാഹുവിനോട് പങ്കുചേർക്കുന്നതിന് തുല്യമാണിത് സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം…’ -പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു.
വിവിധ മതവിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. ആഘോഷത്തിൽ കൂടിയാൽ ഉണ്ടാകുന്ന ഗൗരവം കുട്ടികൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളെ രക്ഷിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്ന് മറ്റൊരദ്ധ്യാപിക പറയുന്നു. കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാൻ കെ ജി വിഭാഗം കുട്ടികൾക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ ആരാധന വരുന്നുണ്ട്. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സന്ദേശത്തിൽ പറയുന്നു
Discussion about this post