കീപ്പർ ബാറ്ററായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി ടി 20 ഫോർമാറ്റിൽ സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോപ് ഓർഡറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതുമുതൽ, കേരള ബാറ്റ്സ്മാൻ തന്റെ സമീപനത്തിൽ വലിയ മാറ്റം വരുത്തി. പുതിയ നായകൻ സൂര്യകുമാർ യാദവിന് കീഴിൽ ടി20യിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 30 സിക്സറുകൾ താരം നേടിയിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഫോർമാറ്റിൽ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്, ഇതിന്റെ ഫലമായി സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിൽ സാംസൺ ഇടം നേടുകയും ചെയ്തു.
പ്ലെയിങ് ഇലവനിൽ സാംസണിന്റെ സ്ഥാനം നിലവിൽ ഉറപ്പ് ഉറപ്പില്ലെങ്കിലും , എം.എസ്. ധോണിയുടെ ഐതിഹാസിക നേട്ടം തകർക്കാനുള്ള ഒരുക്കത്തിലാണ് സഞ്ജു. ടി 20 യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് നിലവിൽ മുൻ ക്യാപ്റ്റന്റെ പേരിലാണ്. 85 ഇന്നിംഗ്സുകളിൽ നിന്ന് ധോണി 52 സിക്സറുകൾ നേടിയിട്ടുണ്ട്, അതേസമയം നിലവിൽ സാംസണിന്റെ പേരിൽ 36 സിക്സറുകൾ ഉണ്ട്. ധോണിയുടെ റെക്കോർഡ് തകർക്കാൻ സാംസണിന് 17 സിക്സറുകൾ കൂടി ആവശ്യമാണ്. ഏഷ്യാ കപ്പിൽ ഒമാൻ, യുഎഇ തുടങ്ങിയ ദുർബല ടീമുകൾ എതിരാളികളായി വരുന്ന സാഹചര്യത്തിൽ അത് എളുപ്പത്തിൽ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരള പ്രീമിയർ ലീഗിൽ കൊച്ചിക്കായി കളത്തിൽ ഇറങ്ങിയ സഞ്ജു ടീമിനെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായി നിൽക്കുന്നത് എന്ന് കാണിച്ചുതന്ന പ്രകടനത്തിന് താരത്തിന്റെ സിക്സ് ഹീറ്റിങ് കഴിവുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരവും സഞ്ജു തന്നെ. സെമിയിൽ ടീം എത്തിയെങ്കിലും ശേഷിച്ച ടൂർണമെന്റിൽ പങ്കെടുക്കാതെ ഏഷ്യാ കപ്പിനായി സഞ്ജു മടങ്ങിയിട്ടുണ്ട്.
തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തിന് സ്‌ക്വാഡിൽ ഇടം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post