വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയും യുസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരണമെന്നും പുതിയ സാധ്യതകൾ തുറക്കും എന്നാണ് പ്രതീക്ഷ എന്നും ട്രംപ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഡൊണാൾഡ് ട്രംപ് മോദിയെ കുറിച്ച് സൂചിപ്പിച്ചത്. “എന്റെ ഏറ്റവും നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു നിഗമനത്തിലെത്തുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!” എന്ന് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ ഈ പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയർ ചെയ്തതും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടി. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഉണ്ടായ അസ്വാരസ്യങ്ങളിൽ ട്രംപ് അടിയറവ് പറയുന്നതിന്റെ സൂചനയാണ് ഇത് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ എത്രയും വേഗം അന്തിമ തീരുമാനത്തിൽ എത്തിക്കാൻ ന്യൂഡൽഹിയിലെയും വാഷിംഗ്ടണിലെയും ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ് എന്നും പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post