സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില കത്തിടപാടുകളിൽ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം
അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സൈനിക, അക്കാദമിക് പദവികൾ ഒഴികെയുള്ള എല്ലാ സ്ഥാനപ്പേരുകളും നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 18-ന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് വിമർശനം.
Discussion about this post