രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി സിആർപിഎഫ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതി. രാഹുൽഗാന്ധി ആരെയും അറിയിക്കാതെ വിദേശയാത്രകൾ നടത്തുകയാണെന്നും ഇത് സുരക്ഷാമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സിആർപിഎഫിന്റെ വിവിഐപി സുരക്ഷാവിഭാഗം മേധാവി കത്തിൽ ആരോപിച്ചു.
രാഹുൽഗാന്ധി ഡിസംബർ 30 മുതൽ ജനുവരി ഒന്പത് വരെ ഇറ്റലിയും മാർച്ച് 12 മുതൽ 17 വരെ വിയറ്റ്നാമും ഏപ്രിൽ 17 മുതൽ 23 വരെ ദുബൈയും ജൂൺ 11 മുതൽ 18 വരെ ഖത്തറും ജൂൺ 25 മുതൽ ജൂലൈ ആറ് വരെ ലണ്ടനും ഇൗ മാസം നാല് മുതൽ എട്ട് വരെ മലേഷ്യയും സന്ദർശിച്ചിട്ടുണ്ട്. രാഹുൽ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള സുരക്ഷയെ കാര്യമായി കണക്കാക്കുന്നില്ല. വിദേശയാത്രകളുടെ വിവരങ്ങൾ കൈമാറുന്നില്ല. ഇത് സിആർപിഎഫ് യെല്ലോബുക്കിൽ പറഞ്ഞിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ആരോപിക്കുന്നു.
രാഹുൽഗാന്ധിക്ക് നിലവിൽ ഇസെഡ് പ്ലസ് സുരക്ഷയും അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ (എഎസ്എൽ ) സുരക്ഷയുമുണ്ട്. ഇസെഡ് പ്ലസ്, എഎസ്എൽ സുരക്ഷ വലിയ രീതിയിൽ സുരക്ഷാ ഭീഷണികൾ നേരിടുന്ന വ്യക്തികൾക്കാണ് നൽകുന്നത്. ഇൗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിഐപികൾക്ക് ദേശീയ സുരക്ഷാ ഗാർഡ് (എഎൻജി) കമാൻഡോകൾ ഉൾപ്പടെ 55 ഓളം ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. എഎസ്എല്ലിന് കീഴിൽ വരുന്ന വിവിഐപികൾ ഏതെങ്കിലും സ്ഥലങ്ങൾ സന്ദർശിക്കുന്‌പോൾ സുരക്ഷാഉദ്യോഗസ്ഥർ മുൻകൂട്ടി ആ സ്ഥലങ്ങൾ പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്താറുണ്ട്.
Discussion about this post