ഏഷ്യാ കപ്പ് ടി 20 കളിക്കാനിറങ്ങിയ പാകിസ്ഥാന് സംഭവിച്ചത് വമ്പൻ അബദ്ധം, മാറി പോയത് ഫോർമാറ്റ് തന്നെ; ഇന്ത്യൻ ബോളർമാരുടെ മികവിന് മുന്നിൽ തവിടുപൊടി
ഏഷ്യാ കപ്പ് ഈ വർഷം നടക്കുന്നത് ടി 20 ഫോർമാറ്റിലായിരിക്കും എന്ന് നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ ഇന്ത്യക്കെതിരായ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ പാകിസ്ഥാന് സംഭവിച്ചത് വമ്പൻ അബദ്ധം. ” സോറി ഫ്ലാറ്റ് മാറി പോയി” എന്ന കോമഡി ഡയലോഗ് പോലെ പാകിസ്ഥാന് മാറി പോയത് ഫോർമാറ്റ് തന്നെ. ടി 20 കളിക്കാൻ വന്ന അവർ നല്ല ഒന്നാന്തരം ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗ് കാഴ്ച്ചവെക്കുമ്പോൾ ഇന്ത്യൻ ബോളർമാർ അവരെ കൊണ്ട് അത് കളിപ്പിച്ചു എന്ന് പറയുന്നത് ആയിരിക്കും ശരി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകൻ സൽമാൻ ബോർഡിൽ തന്റെ ടീം ഉയർത്തുന്ന മികച്ച സ്കോർ ആണ് പ്രതീക്ഷിച്ചത് എങ്കിൽ അദ്ദേഹത്തിന് പിഴക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ ബോളർമാരുടെ അച്ചടക്കമുള്ള ബോളിങ് മുന്നിൽ തുടക്കത്തിലേ തകർന്ന അവർക്ക് ടീം സ്കോർ 1 റണ്ണിൽ നിൽക്കെ തന്നെ സായിം അയ്യൂബിന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവർ എറിഞ്ഞ ഹാർദികിന്റെ പന്തിൽ ബുംറ ക്യാച്ച് എടുത്താണ് അദ്ദേഹം മടങ്ങിയത്. ശേഷം തൻറെ ഓവർ എറിയാൻ എത്തിയ ബുംറ ആകട്ടെ ” ഇന്നാ പിടിച്ചോ എന്റെ വക ഒന്ന്” എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് ഹാരീസ്( 3 ) മടക്കി. പിന്നെ ക്രീസിൽ ഒന്നിച്ച ഫഖർ- ഫർഹാനൊപ്പം നല്ല ഒരു കൂട്ടുകെട്ട് ചേർക്കും എന്ന് തോന്നിച്ച സമയത്താണ് സ്പിന്നർമാരുടെ എൻട്രി വന്നത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലേക്ക് മാറിയ പാകിസ്ഥാന് ഫഖർ (17 ) , നായകൻ സൽമാൻ ( 3 ), ഹസൻ നവാസ്( 5 ), മുഹമ്മദ് നവാസ് ( 5 ) വിക്കറ്റുകൾ എല്ലാം നഷ്ടമായി. കുൽദീപ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ അക്‌സർ രണ്ട് വിക്കറ്റ് നേടി തിളങ്ങി. നന്നായി പന്തെറിഞ്ഞ അഭിഷേകും വരുണും ഇവർക്ക് പിന്തുണ നൽകി. ഇന്ത്യൻ സ്പിന്നർമാർ ഇവരെ വരിഞ്ഞുമുറുക്കി എന്ന് തന്നെ പറയാം. 40 റൺ നേടി പുറത്തായ സാഹിബ്സാദ ഫർഹാന്റെ ബാറ്റിംഗാണ് പാകിസ്ഥാനെ 50 റൺ കടത്തിയത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ 90 – 7 ൽ നിൽക്കുന്ന പാകിസ്ഥാൻ ഇനി സ്പിന്നർമാർ കാണിക്കും എന്ന് കരുതുന്ന അത്ഭുതങ്ങളിലാണ് പ്രതീക്ഷ വെക്കുന്നത്.
Discussion about this post