ഓടും ഷഹീൻ ചാടും സൽമാൻ ഇന്ത്യയെ കണ്ടാൽ വീഴും പാകിസ്ഥാൻ, സൂപ്പർ 4 ലേക്ക് മാർച്ച് ചെയ്ത് സൂര്യയും സംഘവും; കൈയടിക്കാം ആ തന്ത്രത്തിന്
ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം നടക്കുമ്പോൾ അതിൽ ഒരു ആവേശപ്പോരാട്ടം കാണാം എന്ന് കരുതിയവർക്ക് തെറ്റി. കരുത്തരായ ഇന്ത്യൻ സംഘത്തിന് മുന്നിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ വീണപ്പോൾ തകർപ്പൻ ജയത്തോടെ സൂപ്പർ 4 ഉറപ്പിക്കുക ആയിരുന്നു സൂര്യകുമാറും സംഘവും. പാകിസ്ഥാൻ ഉയർത്തിയ 128 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.
ചെറിയ സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് വേഗതയേറിയ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ട്രിക്കി ട്രാക്കായതിനാൽ തന്നെ പവർ പ്ലേ നന്നായി ഉപയോഗിക്കണം എന്ന ഉദ്ദേശത്തിൽ തന്നെ കളിച്ച ഗിൽ- അഭിഷേക് സഖ്യം ആദ്യ വിക്കറ്റിൽ 22 റൺ ചേർത്തു. പിന്നാലെ 10 റൺ എടുത്ത ഗില്ലിനെ ആയുബ് മടക്കി. ശേഷം അഭിഷേക്, നായകൻ സൂര്യക്ക് ഒപ്പം വമ്പനടികളുമായി തുടർന്നതോടെ സ്കോർ കുതിച്ചു. മത്സരം പെട്ടെന്ന് തീർക്കാനുള്ള മൂഡിൽ ആക്രമിച്ചു കളിച്ച അഭിഷേക് ( 31 ) ആയുബിന് ഇരയായി മടങ്ങി.
ശേഷം മുംബൈ ഇന്ത്യൻസിൽ അനേകം കൂട്ടുകെട്ടുകൾ ഒന്നിച്ച് ചേർത്ത തിലക്- സൂര്യകുമാർ സഖ്യം ഇന്ത്യൻ സ്കോർബോർഡ് മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ 31 റൺ നേടിയ തിലകിനെ ആയുബ് മടക്കിയപ്പോഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. ജയം നേടുമ്പോൾ 47 റൺ എടുത്ത സൂര്യകുമാറും 10 റൺ എടുത്ത ദുബൈയും ആയിരുന്നു ക്രീസിൽ നിന്നത്. പാകിസ്ഥാൻ ഇന്ത്യൻ സ്പിന്നര്മാര്ക്ക് എതിരെ കാണിച്ച അമിതാവേശം ഇന്ത്യ തിരികെ കാണിക്കാതെ ഇരുന്നത് കളിയിൽ നിർണായകമായി..
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകൻ സൽമാൻ ബോർഡിൽ തന്റെ ടീം ഉയർത്തുന്ന മികച്ച സ്കോർ ആണ് പ്രതീക്ഷിച്ചത് എങ്കിൽ അദ്ദേഹത്തിന് പിഴക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ ബോളർമാരുടെ അച്ചടക്കമുള്ള ബോളിങ് മുന്നിൽ തുടക്കത്തിലേ തകർന്ന അവർക്ക് ടീം സ്കോർ 1 റണ്ണിൽ നിൽക്കെ തന്നെ സായിം അയ്യൂബിന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവർ എറിഞ്ഞ ഹാർദികിന്റെ പന്തിൽ ബുംറ ക്യാച്ച് എടുത്താണ് അദ്ദേഹം മടങ്ങിയത്. ശേഷം തൻറെ ഓവർ എറിയാൻ എത്തിയ ബുംറ ആകട്ടെ ” ഇന്നാ പിടിച്ചോ എന്റെ വക ഒന്ന്” എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് ഹാരീസ്( 3 ) മടക്കി. പിന്നെ ക്രീസിൽ ഒന്നിച്ച ഫഖർ- ഫർഹാനൊപ്പം നല്ല ഒരു കൂട്ടുകെട്ട് ചേർക്കും എന്ന് തോന്നിച്ച സമയത്താണ് സ്പിന്നർമാരുടെ എൻട്രി വന്നത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലേക്ക് മാറിയ പാകിസ്ഥാന് ഫഖർ (17 ) , നായകൻ സൽമാൻ ( 3 ), ഹസൻ നവാസ്( 5 ), മുഹമ്മദ് നവാസ് ( 5 ) വിക്കറ്റുകൾ എല്ലാം നഷ്ടമായി. 40 റൺ നേടി പുറത്തായ സാഹിബ്സാദ ഫർഹാന്റെ ബാറ്റിങ്ങും മുൻനിര ബാറ്റർമാർ കാണിക്കാത്ത തന്റേടത്തിൽ ബാറ്റ് ചെയ്ത 33 റൺ എടുത്ത ഷഹീനുമാണ് പാകിസ്ഥാനെ രക്ഷിച്ചത്. ഇന്ത്യക്കായി കുൽദീപ് മൂന്നും ബുംറ അക്‌സർ എന്നിവർ രണ്ടും വിക്കറ്റ് നേടിയപ്പോൾ ഹാർദിക്, വരുൺ എന്നിവരും തിളങ്ങി.
Discussion about this post