ഏഷ്യാ കപ്പിനുള്ള മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് ആൻഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഭ്യർത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സ്വീകരിക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന്റെ തുടക്കത്തിൽ ടോസ് സമയത്തും അവസാവും ഇന്ത്യ ഹസ്തദാനം നൽകാത്തതിൽ പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പിസിബി ആരോപിച്ചിരുന്നു. അദ്ദേഹം ഇന്ത്യയെ അമിതമായി പിന്തുണച്ചു എന്നായിരുന്നു പിസിബിയുടെ പരാതി.
ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, പിസിബിയുടെ ആവശ്യത്തിനോട് ഐസിസി യോജിക്കുന്നില്ല. സംഭവത്തിൽ പൈക്രോഫ്റ്റിന് വലിയ പങ്കൊന്നുമില്ലെന്ന് ഐസിസി വിശ്വസിക്കുന്നു. ഇന്ത്യൻ ടീമിന്റെ സന്ദേശം പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയെ അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിൽ ടോസിൽ അപമാനം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്.
“ഐസിസി പെരുമാറ്റച്ചട്ടത്തിന്റെയും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളുടെയും മാച്ച് റഫറിയുടെ ലംഘനങ്ങൾ സംബന്ധിച്ച് പിസിബി ഐസിസിയിൽ പരാതി നൽകിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടിട്ടുണ്ട്,” നഖ്‌വി ഐസിസിക്ക് കത്തെഴുതിയിരുന്നു.
പിസിബിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പാകിസ്ഥാൻ vs യുഎഇ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിരുന്നാലും, ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ യുഎഇ ഒമാനെ തോൽപ്പിക്കുന്നതിന് മുമ്പാണ് അവർ ഇത് പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ, ഗ്രൂപ്പ് എയിൽ നിന്ന് പാകിസ്ഥാനും യുഎഇയും രണ്ടാം സൂപ്പർ ഫോർ സ്ഥാനത്തിനായി പോരാടും. യുഎഇയെയും പാകിസ്ഥാനെയും തോൽപ്പിച്ച് ഇന്ത്യ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.
വെർച്വൽ നോക്കൗട്ട് മത്സരത്തിൽ നിന്ന് പിന്മാറാൻ പിസിബിക്കും നഖ്‌വിക്കും ധൈര്യമുണ്ടോ എന്ന് കണ്ടറിയണം. പിന്മാറിയാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാകിസ്ഥാൻ ഏഷ്യാ കപ്പിൽ നിന്ന് പുറത്താകും എന്നാണ് ഇതിനർത്ഥം.
Discussion about this post