ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ തങ്ങളുടെ രണ്ടാമത്തെ പോരിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ദുബായില്‍ ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത കുതിപ്പ് നടത്തുന്ന ഇന്ത്യ ഇന്നും മികച്ച പ്രകടനം നടത്തും എന്നാണ് കരുതുന്നത്. ബംഗ്ലാദേശിനെ സംബന്ധിച്ച് ആദ്യ സൂപ്പർ 4 പോരാട്ടത്തിൽ അവർ ലങ്കയെ തോൽപ്പിച്ചാണ് എത്തുന്നത്. ഇന്ന് ജയിക്കുന്ന ടീം ഫൈനൽ ഉറപ്പിക്കുന്ന ആദ്യ സംഘമായി മാറും.
നിലവിലെ ഫോമിൽ ഇന്ത്യയെ തോൽപ്പിക്കാൻ ബംഗ്ലാദേശിന് ബുദ്ധിമുട്ട് ആണെങ്കിലും മികച്ച താരങ്ങളടങ്ങുന്ന കടുവാസംഘത്തെ ഒരിക്കലും വിലകുറച്ച് കാണാൻ ആകില്ല. ഇന്ത്യയെ സംബന്ധിച്ച് ഓപ്പണർമാരുടെ ഫോമും സ്പിന്നർമാരുടെ മികവും പ്രതീക്ഷ അർപ്പിക്കുന്നതാണ്. എങ്കിലും ജസ്പ്രീത് ബുംറ മികവിലേക്ക് വരാത്തതിൽ ആശങ്ക നിലനിൽക്കുന്നു.
എന്തായാലും ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ വരാനിരിക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിന് കഴിയുമെന്ന് ബംഗ്ലാദേശിന്റെ മുഖ്യ പരിശീലകൻ ഫിൽ സിമ്മൺസ് പറഞ്ഞു, കഴിഞ്ഞ നാല് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചു നിൽകുന്നത് ഒന്നും തങ്ങൾക്ക് പ്രശ്നം അല്ല എന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ ടീമുകൾക്കും ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവുണ്ട്. മത്സരം തീരുമാനിക്കുന്നത് അത് കളിക്കുന്ന ദിവസത്തെ ഫോം അനുസരിച്ചാണ്, ഇന്ത്യയുടെ മുൻകാല പ്രകടനങ്ങൾ അവിടെ വലിയ കാര്യമില്ല. ബുധനാഴ്ച ആ മൂന്നര മണിക്കൂറിനുള്ളിൽ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഇന്ത്യയുടെ ബലഹീനത അനുസരിച്ച് തന്ത്രം ഒരുക്കാനുമാണ്. ”
ഇന്ത്യ ഉൾപ്പെടുന്ന ഏതൊരു കളിയുടെയും സവിശേഷമായ അന്തരീക്ഷം സിമ്മൺസ് എടുത്തുപറഞ്ഞു. “ലോകത്തിലെ ഒന്നാം നമ്പർ ടി20 ടീമായതിനാൽ, പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടുന്ന എല്ലാ മത്സരങ്ങളും ആവേശത്തോടെയാണ് എല്ലാവരും കാണുന്നത്. ആവേശം അനിവാര്യമാണ്. ഞങ്ങൾ അത് സ്വീകരിക്കുകയും, ആ നിമിഷം ആസ്വദിക്കുകയും, കളി ആസ്വദിക്കുകയും ചെയ്യും.”
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുയോജ്യമാണെന്നും, ടോസ് മത്സര ഫലത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും അദ്ദേഹം പരാമർശിച്ചു.
https://www.youtube.com/watch?v=BDCS-pkK3L8&t=1s
Discussion about this post