ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തിന് ഭാവിയിൽ കിട്ടാൻ പോകുന്ന അവസരങ്ങളെക്കുറിച്ച് ആയിരുന്നു ക്രിക്കറ്റ് ലോകം ചർച്ച ചെയ്തിരുന്നത്. ” നീ എത്ര തവണ പൂജ്യനായി മടങ്ങിയാലും നീ എന്റെ ടീമിൽ ഉണ്ടാകും” എന്ന ഗൗതം ഗംഭീർ സഞ്ജുവിന് കൊടുത്ത വാക്ക് അത്രമേൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഗൗതം ഗംഭീറിന്റെ ചെയ്തികളും മുൻ പരിശീലകരുടേതിന് സമാനമായ രീതിയിൽ പോകുന്നതാണ് കാണാൻ സാധിക്കുന്നത്. സഞ്ജു എന്ന താരത്തിന്റെ കരിയർ നോക്കിയാൽ ഒരു കാര്യം വ്യക്തമായിരുന്നു. ഇയാൾക്ക് അവസരങ്ങൾ സ്ഥിരമായി കൊടുത്താൽ താരം നല്ല പ്രകടനം കാഴ്ചവെക്കും എന്നുള്ളത്. അതിനാൽ തന്നെ സ്ഥിരമായി അവസരം കൊടുക്കുക എന്ന ആ കാര്യം തുടക്കത്തിലേ ടീം മാനേജ്മെന്റ് അങ്ങോട്ട് നുള്ളി കളഞ്ഞു എന്ന് പറയാം.
സഞ്ജുവിനെ സംബന്ധിച്ച് അയാളെ പോലെ ഒരു നിർഭാഗ്യവാനായ ഒരു താരം വേറെ ഇല്ല എന്ന് കാണിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ഇന്ത്യൻ ടീമിൽ ആണെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനായിട്ടുള്ള രാജസ്ഥാനിൽ ആണെങ്കിലും അയാൾ പറ്റിക്കപെടുന്നതാണ് ഈ നാളുകളിൽ കാണുന്ന കാഴ്ച്ച. സഞ്ജുവിനെ എങ്ങനെ ടീം നൈസായി പറ്റിക്കുന്നു എന്ന് ഓരോ ഘട്ടമായി നോക്കാം
തുടക്കം
ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് കാണിക്കുന്നു. പിന്നാലെ ഇന്ത്യൻ ഏകദിന ടീമിലേക്ക് എത്തുന്നു. അവിടെ സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ കിട്ടിയ അവസരത്തിൽ മികവ് കാണിച്ച് സെഞ്ച്വറി നേടുന്നു. സെഞ്ച്വറി ഒകെ നേടിയ സ്ഥിതിക്ക് ഇനി ടീമിൽ നിൽക്കേണ്ട ആവശ്യമില്ല എന്ന് പറയുന്നത് പോലെ താരത്തെ നൈസായി സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുന്നു.
ഐപിഎൽ പണി
വിശ്വാസത്തിന്റെ അവസാന വാക്ക് എന്ന നിലയിൽ രാജസ്ഥാനിൽ വർഷങ്ങളായി തുടരുന്നു. സ്ഥിരതയോടെ പ്രകടനം കാഴ്ചവെക്കുന്നു. അതിനിടയിൽ ടീമിന്റെ നായകനായി മാറുന്നു. കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിൽ ആയിരുന്നിട്ട് കൂടി ഇമ്പാക്ട് താരമായി കളിക്കുന്നു. എന്നിട് യുവതാരം പരാഗിന് വേണ്ടി താരത്തെ ടീം മറക്കുന്നു. അയാളെ ഭാവി നായകനാക്കാനുള്ള അടവിൽ സഞ്ജു ഒഴിവാക്കപ്പെടുന്നു. അതോടെ രാജസ്ഥാൻ വിടാൻ സഞ്ജു ആഗ്രഹം ടീമിനെ അറിയിക്കുന്നു.
ടി 20 കഷ്ടകാലം
ഇന്ത്യ ജയിച്ച 2024 ടി 20 ലോകകപ്പിൽ സഞ്ജു ടീമിന്റെ ഭാഗം ആയിരുന്നു എങ്കിലും ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ അവസരം കിട്ടിയില്ല. മറിച്ച് ടി 20 യിൽ അത്ര ഒന്നും തിളങ്ങാത്ത ചരിത്രമുള്ള പന്ത് ആയിരുന്നു ഇന്ത്യൻ കീപ്പർ. ലോകകപ്പിന് പിന്നാലെ ടി 20 യിൽ നിന്ന് സൂപ്പർ താരങ്ങൾ വിരമിച്ചപ്പോൾ സഞ്ജു ഓപ്പണറാകുന്നു. അതെ വർഷം മൂന്ന് ടി 20 സെഞ്ചുറിയും നേടി. അതിനാൽ തന്നെ ഈ ഏഷ്യാ കപ്പിൽ സഞ്ജു ഏറ്റവും തിളങ്ങിയിട്ടുള്ള ടോപ് ഓർഡർ സ്ഥാനം വിട്ട് അയാളെ മിഡിൽ ഓർഡറിലേക്ക് മാറ്റുന്നു
കിട്ടിയതും ഇല്ല
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പോരാട്ടം നടക്കുന്ന സമയം. ഓപ്പണിങ്ങിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ഗിൽ മടങ്ങുമ്പോൾ മൂന്നാം നമ്പറിൽ ഇറങ്ങിയത് ശിവം ദുബൈയെ, താരം 2 റൺ നേടി പുറത്താകുന്നു. നാലാം നമ്പറിൽ സൂര്യകുമാർ ഇറങ്ങി നേടിയത് 5 റൺസ്. ശേഷം അഞ്ചാം നമ്പറിൽ ഇറങ്ങിയത് ഹാർദിക്കും ആറാം നമ്പറിൽ തിലക് വർമ്മയും ശേഷം അക്‌സർ പട്ടേലും ഒകെയാണ്. സഞ്ജുവിനെ ഇറക്കാൻ ഉദേശിച്ചത് എട്ടാം നമ്പറിലാണ്. ഇതിൽ ഹാർദിക് ഒഴിച്ച് ആരും തിളങ്ങിയില്ല എന്നതാണ് ഏറ്റവും കൗതുകം.
റിഷാദ് ഹുസൈനെ പോലെ ഉള്ള ബംഗ്ലാദേശ് സ്പിന്നർമാരെ നന്നായി നേരിടാനാണ് ശിവം ദുബൈയെ മൂന്നാം നമ്പറിൽ ഇറക്കിയത് എന്നാണ് സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞ ന്യായീകരണം. ഇതേ റിഷാദ് ഹുസൈനെ കഴിഞ്ഞ വർഷം ഒരോവറിൽ 5 സിക്സ് അടിച്ച സഞ്ജുവിനെ അദ്ദേഹം എന്ത് കൊണ്ട് ശ്രദ്ധിച്ചു പോലും ഇല്ല എന്നതാണ് ചോദ്യം. ഇത് ഇപ്പോൾ ഇലവനിൽ ഇറങ്ങി കീപ്പിങ് റോൾ ചെയ്യുന്നു എങ്കിലും ഫലത്തിൽ ബെഞ്ചിൽ ഇരിക്കുന്ന പോലെയാണ് സഞ്ജുവിന്റെ കാര്യം.
മറ്റേത് രാജ്യത്ത് ആണെങ്കിലും കുറഞ്ഞത് ടി 20 യിൽ എങ്കിലും ടീമിൽ അവസരം ഉറപ്പുള്ള താരം ആകുമായിരുന്നു സഞ്ജു. പണ്ട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ നസ്ലിൻ പറഞ്ഞ ഒരു ഡയലോഗ് ഇങ്ങനെ ആയിരുന്നു” നീ ഒന്നും എന്നെ അർഹിക്കുന്നില്ലെടാ” അത് തന്നെയാണ് സഞ്ജു ഇന്ത്യൻ ടീമിനോട് പറയാതെ പറയുന്നതും.
Discussion about this post