ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി, സൂപ്പർ ഫോറിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ശേഷം സെപ്റ്റംബർ 28 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടൂർണമെന്റിൽ നേരത്തെ ഇന്ത്യ രണ്ട് തവണ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം പാകിസ്ഥാൻ ഇന്ത്യക്ക് എതിരായ പോരാട്ടങ്ങൾ ഒഴിച്ചുള്ള ബാക്കി എല്ലാ മത്സരങ്ങളിലും ജയിച്ചിരുന്നു.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യ ഫൈനൽ മത്സരം വരുമ്പോൾ ബാധ ശത്രുക്കൾ നേർക്കുന്നേർ വന്ന ഫൈനൽ പോരാട്ടങ്ങളുടെ ചരിത്രം നമുക്ക് ഒന്ന് നോക്കാം:
1985 മുതൽ ഇന്ത്യയും പാകിസ്ഥാനും അഞ്ച് മൾട്ടി-നാഷണൽ ടൂർണമെന്റ് ഫൈനലുകളിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. നിലവിൽ പാകിസ്ഥാൻ 3 വിജയങ്ങളുമായി മുന്നിൽ നിൽക്കുന്നു, ഇന്ത്യയ്ക്ക് രണ്ട് വിജയങ്ങളുണ്ട്.
1. 1985 ലെ വേൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്
സുനിൽ ഗവാസ്കറിന്റെ നേതൃത്വത്തിൽ ഇന്ത്യ ടൂർണമെന്റിൽ പാകിസ്ഥാനെ തുടക്കത്തിലേ പരാജയപ്പെടുത്തിയ ശേഷം തോൽവിയറിയാതെ ഫൈനലിലെത്തി. കപിൽ ദേവിന്റെ 3/23 ഉം ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ 3/35 ഉം പ്രകടനത്തിന്റെ ഫലമായി പാകിസ്ഥാൻ 50 ഓവറിൽ 9/176 ൽ ഒതുങ്ങി.
രവി ശാസ്ത്രി 148 പന്തിൽ 63 റൺസും ക്രിസ് ശ്രീകാന്ത് 77 പന്തിൽ 67 റൺസും നേടി ഇന്ത്യയെ 47.1 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു. വേഗത്തിലുള്ള തുടക്കം നൽകിയതിനാൽ ശ്രീകാന്തിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.
2. ഓസ്‌ട്രേലിയ-ഏഷ്യ കപ്പ് 1986
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീകാന്ത് (75), ഗവാസ്കർ (92), വെങ്‌സർക്കാർ (50) എന്നിവരുടെ മികച്ച പ്രകടനത്തിന് ശേഷം 245/7 എന്ന സ്കോർ നേടി. ശേഷം റൺ പിന്തുടർന്ന പാകിസ്ഥാനായി ജാവേദ് മിയാൻദാദ് 116 (114)* റൺസ് നേടി പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു, അവസാന പന്തിൽ അദ്ദേഹം പറത്തിയ സിക്സ് ഒകെ ആരും മറക്കാൻ ഇടയില്ല
3. 1994 ലെ ഓസ്‌ട്രേലിയ-ഏഷ്യ കപ്പ്
ഷാർജയിൽ നടന്ന പോരിൽ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്തു, ആമെർ സൊഹൈലിന്റെയും ബാസിത് അലിയുടെയും അർദ്ധസെഞ്ച്വറികളോടെ 250/6 റൺസ് നേടി. ഇന്ത്യക്കായി രാജേഷ് ചൗഹാൻ 29 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി തിളങ്ങി. എന്നാൽ ഇന്ത്യൻ മറുപടിയിൽ വിനോദ് കാംബ്ലി 56 (99) ഉം അതുൽ ബെഡാഡെ 44 (45) ഉം റൺസ് നേടിയെങ്കിലും, ഇന്ത്യ 47.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.
4. 2007 ലെ ടി20 ലോകകപ്പ്
ആദ്യത്തെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ജോഹന്നാസ്ബർഗിൽ ഏറ്റുമുട്ടുന്നു. ഗൗതം ഗംഭീറിന്റെ 75 (54) ഉം രോഹിത് ശർമ്മയുടെ 30*(16) ഉം ഇന്ത്യയെ 157/5 എന്ന സ്കോറിലേക്ക് എത്തിച്ചു, ഉമർ ഗുൽ 3/28 ആയിരുന്നു പാകിസ്ഥാനായി ബോളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 152 റൺസിന് ഓൾഔട്ടായി, ഇന്ത്യ അഞ്ചു റൺസിന്റെ വിജയം സ്വന്തമാക്കി.
5 . 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ
ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഫഖർ സമാന്റെ 114 (106) ഇന്നിങ്ങ്‌സിലൂടെ പാകിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി ഇന്ത്യ 158 റൺസിന് ഓൾഔട്ടായി. ഫലം പാകിസ്ഥാന് 180 റൺസിന്റെ വിജയം.
എന്തായാലും ആവേശ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
Discussion about this post