ടി 20 ക്രിക്കറ്റുമായി ബന്ധപ്പെട്ട് എപ്പോൾ ഒകെ സംസാരിച്ചാലും പറയുന്ന ഒരു വാചകമുണ്ട്- ടി 20 അപ്രവചനീയമായ ഒരു കളിയാണ്. ആർക്കും ജയിക്കാം, ആർക്കും തോൽക്കും. അതെ ഏത് വലിയ കൊമ്പൻ ആണെങ്കിലും 240 പന്തുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു മത്സരത്തിൽ ചെറിയ ഒരു തെറ്റ് വരുത്തിയാൽ അതിന് വലിയ വിലകൊടുത്ത് ആ മത്സരത്തിൽ തോൽക്കും. ചില വമ്പൻ അട്ടിമറികൾ ഒകെ നമ്മൾ കണ്ടിട്ടുണ്ട്.
ഇന്ത്യൻ ടീമിന്റെ കാര്യം എടുത്താൽ സമീപകാലത്ത് ഏകദിന, ടി 20 ഫോർമാറ്റുകളിൽ ഇത്രയധികം ആധിപത്യം പുലർത്തുന്ന മറ്റൊരു ടീം ഇല്ല. ടി 20 ലോകകപ്പ് വിജയവും ചാമ്പ്യൻസ് ട്രോഫി ഒകെ അതിന് ഉദാഹരണമായിരുന്നു. ചില താരങ്ങളുടെ കാര്യം എടുത്താൽ അവരെ നമ്മൾ ഭാഗ്യനക്ഷത്രങ്ങൾ എന്നൊക്കെ വിളിക്കാറുണ്ട്. അവർ ഉണ്ടെങ്കിൽ തന്നെ ടീമിന് ഒരു ഊർജമാണ്. ഐപിഎല്ലിൽ ഒകെ തിളങ്ങിയിട്ടുള്ള കരൺ ശർമ്മ പല ടീമുകളുടെ ഭാഗമായി ഐപിഎൽ ജയിച്ച താരമാണ്. വലിയ സംഭാവന ഒന്നും അതിൽ കൊടുത്തിട്ടില്ല എങ്കിലും താരത്തിന്റെ സാന്നിധ്യം ഈ വിജയങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യൻ ടീമിന്റെ കാര്യം എടുത്താൽ അത്തരത്തിൽ ഒരു ഭാഗ്യനക്ഷത്രമുണ്ട്- മറ്റാരും അല്ല യുവ ഓൾ റൗണ്ടർ ശിവം ദുബൈ. താരം ഇന്ത്യക്കായി ആകെ മൊത്തത്തിൽ 34 ടി 20 മത്സരങ്ങളിൽ കളിച്ചപ്പോൾ അതിൽ 32 ലും ഇന്ത്യ ജയിച്ചു, രണ്ട് മത്സരങ്ങളിൽ ഫലം ഇല്ലാതെ പോയി. അതായത് ഇത്ര മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവിയറിഞ്ഞിട്ടില്ല. ഇന്നലെ ലങ്കക്ക് എതിരായ അപ്രധാന മത്സരത്തിൽ ശിവം ദുബൈ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങൾ വിശ്രമം നൽകി പകരം അർശ്ദീപ് സിംഗ്, ഹർഷിത് റാണ തുടങ്ങിയ താരങ്ങളാണ് കളത്തിൽ ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 200 റൺസിന് മുകളിൽ നേടിയെങ്കിലും ലങ്ക ഇത്തരത്തിൽ ഒരു തിരിച്ചടി നൽകുമെന്ന് ഇന്ത്യ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പേസ് – സ്പിൻ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ലങ്കൻ താരങ്ങൾ വയറുനിറയെ കൊടുത്തു. ഇതോടെ ലങ്ക മത്സരം ജയിക്കും എന്ന തോന്നൽ വരെ വന്നതാണ്. എന്നാൽ ഇന്ത്യക്ക് എന്താണ് ഇന്ന് സംഭവിച്ചത് എന്ന് ആലോചിച്ച ആരാധകർ അപ്പോഴാണ് ശിവം ദുബൈ ഇന്ന് ഇല്ലല്ലോ എന്ന് മനസിലാക്കിയത്. അയാൾ ഇല്ലെങ്കിൽ തോൽക്കും എന്ന് തോന്നിച്ച സമയത്തായിരുന്നു പെട്ടെന്ന് തിലക് വർമ്മക്ക് പകരക്കാരനായി ശിവം ദുബൈ ഗ്രൗണ്ടിൽ എത്തിയത്. ശിവം ദുബൈ ഗ്രൗണ്ടിൽ വന്നിട്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല എങ്കിലും ദുബൈ ഗ്രൗണ്ടിൽ വന്ന ശേഷം ഇന്ത്യ മത്സരം ജയിച്ചു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.
ശിവം ദുബൈ ഭാഗമായ ഒരു മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല എന്ന കണക്കുകൾ ഏറെ ചർച്ച ആയപ്പോൾ ആണ് അദ്ദേഹം സബ് ആയ ശേഷം മത്സരഫലം മാറിയ ഈ മത്സരവും ശ്രദ്ധ നേടുന്നത്.
Discussion about this post