2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിക്കുമോ അതോ തുടരുമോ എന്നുള്ളതാണ് ഇന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചോദ്യം. ഇന്ത്യയെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും വലിയ പരീക്ഷണമാണ് ഇന്ന് പാകിസ്ഥാനെതിരെയുള്ള ഫൈനൽ പോരാട്ടമെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. മത്സരത്തിലേക്ക് കടന്നാൽ ഇന്ത്യയോട് രണ്ട് പ്രാവശ്യം തോറ്റതോഴിച്ചാൽ പാകിസ്ഥാന് പരാജയങ്ങൾ അറിഞ്ഞിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ വമ്പൻ പരീക്ഷണത്തിന് ഒടുവിലാണ് ടീം ജയിച്ചുകയറിയത്.
ആ പോരിൽ ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിച്ച സഞ്ജു സാംസൺ കിട്ടിയ അവസരം മുതലാക്കി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23 പന്തിൽ 39 റൺ നേടി തിളങ്ങിയപ്പോൾ ഇന്നിങ്സിൽ 3 സിക്‌സും 1 ഫോറുമാണ് താരം നേടിയത്. അന്നത്തെ ഇന്നിങ്സിന് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് താരത്തിന് കിട്ടിയത്. ഏഷ്യാ കപ്പിൽ ഇതുവരെ മൂന്ന് ഇന്നിംഗ്സുകളിൽ ബാറ്റുചെയ്ത സഞ്ജു 36 ശരാശരിയിലും 127.05 സ്ട്രൈക്ക് റേറ്റിലും 108 റൺസ് താരം നേടിയിട്ടുണ്ട്.
എന്തായാലും ഇന്ന് പാകിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ നേട്ടമാണ്. ഇന്ന് പാകിസ്ഥാനെതിരെ 64 റൺസ് കൂടി നേടിയാൽ മൾട്ടി നേഷൻ ടി20 ടൂർണമെൻറിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസടിക്കുന്ന ബാറ്ററെന്ന റെക്കോർഡ് സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. 2024 ടി 20 ലോകകപ്പിൽ 171 റൺസടിച്ച റിഷഭ് പന്തിൻറെ പേരിലാണ് നിലവിലെ റെക്കോർഡ്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ധോണി നേടിയിരിക്കുന്നത് 154 റൺസാണ്. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിനാൽ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാൻ പറ്റുമോ എന്നുള്ളത് കണ്ടറിയണം.
എന്തായാലും ആവേശ പോരാട്ടമാണ് ഇന്നത്തെ ഫൈനലിൽ പ്രതീക്ഷിക്കുന്നത്.
Discussion about this post