വീട് എത്ര വൃത്തിയുള്ളതായാലും, അടുക്കളയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഉറുമ്പുകളുടെ ആക്രമണം പതിവാണ്. പഞ്ചസാര, തേൻ, പഴവർഗങ്ങൾ, പഴുക്കിയ പഴങ്ങൾ, പോലും അരിയും പരിപ്പും വരെ ഉറുമ്പുകൾ തിന്നുതീർക്കും.. ചെറുതാണെങ്കിലും ഉറുമ്പുകൾ അടുക്കളയിലെത്തിയാൽ ഭക്ഷണസാധനങ്ങൾ പലതും ഉപയോഗ ശൂന്യമാവും. ഉറുമ്പുകളെ അടുക്കളയിൽ നിന്ന് മുഴുവൻ ഇല്ലാതാക്കുക എളുപ്പമല്ലെങ്കിലും, ചില പൊടിക്കെെകളും വീട്ടുവൈദ്യങ്ങളും പാലിച്ചാൽ അവയെ അകറ്റിനിർത്താൻ കഴിയും. ഉറുമ്പുകളെ അടുക്കളയിൽ നിന്ന് അകറ്റാൻ വിഷവസ്തുക്കൾ വേണമെന്നില്ല. നമ്മുടെയടുക്കളിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് അവരെ നിയന്ത്രിക്കാനും ഭക്ഷണം സുരക്ഷിതമാക്കാനും കഴിയും.
നാരങ്ങനീര്
സിട്രസ് ഫലങ്ങളുടെ മണം ഉറുമ്പുകൾക്ക് വളരെ അസഹ്യമാണ്. അടുക്കളയുടെ കോണുകളിലും ഉറുമ്പുകൾ വരാറുള്ള വഴികളിലും നാരങ്ങാനീർ തളിച്ചാൽ അവയുടെ വരവ് കുറയും.
ഉപ്പ്, കാപ്പിപ്പൊടി, മഞ്ഞൾപൊടി
വളരെ ലളിതമായെങ്കിലും ഫലപ്രദമായൊരു മാർഗമാണ് ഉപ്പ്. ഉറുമ്പുകൾ വരാറുള്ള ഇടങ്ങളിൽ ഉപ്പ് വിതറിയാൽ അവ പിന്മാറും. അതുപോലെ കാപ്പിപ്പൊടിയും മഞ്ഞൾപൊടിയും ഉറുമ്പുകൾക്ക് തടസ്സമാണ്.
വിനാഗിരിയും വെള്ളവും
വിനാഗിരിയുടെ ശക്തമായ മണമാണ് ഉറുമ്പുകളെ ഓടിക്കുന്നതിലെ പ്രധാന കാരണമെന്നു കരുതുന്നു. വിനാഗിരി-വെള്ളം 1:1 അനുപാതത്തിൽ കലർത്തി സ്പ്രേ ചെയ്‌താൽ ഉറുമ്പുകൾ വീണ്ടും അതുവഴി കടക്കില്ല.
കറുവാപട്ടയും ഗ്രാമ്പുവും
കറുവാപട്ടപ്പൊടിയും ഗ്രാമ്പുമിടുകയും അടുക്കളയിൽ വയ്ക്കുകയും ചെയ്താൽ ഉറുമ്പുകൾക്ക് അവിടേക്ക് അടുക്കാൻ തോന്നുകയില്ല. ഇതു വീട്ടിൽ തന്നെ ലഭ്യമായ ഒരു പ്രകൃതിദത്ത പ്രതിവിധിയാണ്.
വീട്ടുവൈദ്യങ്ങൾക്കൊപ്പം, ഉറുമ്പുകളെ തടയാൻ ഏറ്റവും പ്രധാനപ്പെട്ടത് അടുക്കള ശുചിത്വമാണ്. ഭക്ഷണം തുറന്നുകിടക്കാതിരിക്കുക, നിലത്ത് വീണാലുടനെ വൃത്തിയാക്കുക, ഭക്ഷണ മാലിന്യം ദിവസവും അടുക്കളയിൽ നിന്ന് മാറ്റുക തുടങ്ങിയ ശീലങ്ങൾ പാലിച്ചാൽ ഉറുമ്പുകളുടെ വരവ് വളരെ കുറയും.
Discussion about this post