2025 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ജേതാക്കളായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 147 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ എളുപ്പത്തിൽ ജയിക്കും എന്ന് തോന്നിച്ച സമയത്ത് നിന്ന് മത്സരം ഒരു സമയത്ത് പിടിക്കുന്ന രീതിയിലേക്ക് പാകിസ്ഥാൻ കാര്യങ്ങൾ എത്തിച്ചതാണ്. എന്നാൽ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ 53 പന്തിൽ 69 ബലത്തിൽ ഇന്ത്യ ജയിച്ചുകയറുക ആയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തു തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും പാകിസ്താൻ പതിവുപോലെ പടിക്കൽ കലമുടക്കുക ആയിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ 113 – 2 എന്ന നിലയിൽ നിന്ന പാകിസ്ഥാൻ വളരെ പെട്ടെന്നാണ് 146 – 10 എന്ന നിലയിലേക്ക് വീണത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്താനെ തകർത്തെറിഞ്ഞത്. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രിത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. പാകിസ്ഥാനായി ഓപ്പണർ സാഹിബ്സാദ ഫർഹാൻ 57 റൺ നേടി ടോപ് സ്‌കോറർ ആയപ്പോൾ സഹഓപ്പണർ ഫഖർ സമൻ 46 റൺ നേടി തിളങ്ങി.
ആദ്യ രണ്ട് ഓവറിൽ നല്ല പ്രഹരം ഏറ്റുവാങ്ങിയ കുൽദീപ് യാദവ് (വഴങ്ങിയത് 23 റൺസ്) മനോഹരമായി തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണമായി. വിക്കറ്റുകൾ നാലും അവസാന 2 ഓവറിൽ നിന്നായിരുന്നു. തുടക്കത്തിൽ പ്രഹരം ഏറ്റുവാങ്ങിയ സമയത്ത് കുൽദീപ് വമ്പൻ സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ വിദഗ്ദർ കുൽദീപിന്റെ അവസാനത്തെ രണ്ട് ഓവറുകൾ കണ്ട് ഇങ്ങനെ പറഞ്ഞു- “നെവർ എവർ അണ്ടർസ്റ്റിമേറ്റ് കുൽദീപ് യാദവ്”.
ഇന്ത്യൻ മറുപടിയിൽ അഭിഷേക് ശർമ്മ ഷഹീൻ അഫ്രീദിക്ക് എതിരെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ ഫഹീമിന് ഇരയായി 5 റൺ നേടി മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ സൂര്യകുമാർ അഫ്രീദിക്ക് ഇരയായി മടങ്ങിയപ്പോൾ സൂപ്പർതാരം ഗിൽ 12 റൺസ് നേടി പുറത്തായി. ഇതോടെ 20 – 3 എന്ന നിലയിലായി ടീം. ഇതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടതാണ്. എന്നാൽ ക്രീസിൽ ഉറച്ച സഞ്ജു – തിലക് സഖ്യം ഇന്ത്യയെ കരകയറ്റി. ഇരുവരും നല്ല ഒരു കൂട്ടുകെട്ട് സ്ഥാപിച്ചതിന് പിന്നാലെയാണ് 24 റൺ എടുത്ത് സഞ്ജു മടങ്ങിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ പൊരുതിയ തിലക് ശിവം ദുബൈയുമായി വീണ്ടും നല്ല ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി. ദുബൈ 33 ( 22 ) മടങ്ങിയ ശേഷം ക്രീസിൽ എത്തിയത് റിങ്കു സിങ്.
അവസാന ഓവറിൽ 10 റൺ ജയിക്കാൻ വേണ്ടപ്പോൾ ആദ്യ പന്തിൽ രണ്ട് റൺ നേടിയ തിലക് വർമ്മ രണ്ടാം പന്തിൽ സിക്‌സും മൂന്നാം പന്തിൽ സിംഗിളും നേടിയതോടെ മത്സരം സമനിലയിലായി. ശേഷം നാലാം പന്തിൽ മനോഹര ബൗണ്ടറി നേടി കളറിൽ തന്നെ റിങ്കു മത്സരം അവസാനിപ്പിച്ചു.
Discussion about this post