ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശ ജയം. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ തകർന്നതാണ്. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണല്ലോ ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആരംഭം. ഗ്രുപ്പ് ഘട്ടത്തിലും സൂപ്പർ 4 ലും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഈ രണ്ട് ഘട്ടത്തിലും വലിയ മത്സരമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇന്നലെ ജയിക്കാനുറച്ച മനസുമായി പാകിസ്ഥാനും ഇറങ്ങിയതോടെ നല്ല ഒരു മത്സരം ആരാധകർക്ക് കാണാനായി. മത്സരത്തിലെ തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് പാകിസ്ഥാൻ താരങ്ങൾക്ക് കിട്ടുന്നത്. ഈ ടൂർണമെന്റിൽ ഇന്ത്യയോട് മാത്രം പരാജയം അറിഞ്ഞ ടീമിന് എന്തുകൊണ്ടാണ് അവർക്ക് എതിരെ ബദ്ധ ശത്രുക്കൾക്ക് എതിരെ മാത്രം ജയിക്കാൻ പറ്റാത്തത് എന്ന ചോദ്യം ഉയർന്നു.
ഫൈനൽ മത്സരത്തിന് പിന്നാലെ ഈ ചോദ്യത്തിന് പാക് നായകൻ സൽമാൻ അലി ആഘ പറഞ്ഞ മറുപടി ഇങ്ങനെ:
“ഞങ്ങൾ ഞങ്ങളുടെ പ്രകടനത്തെ വിലയിരുത്തും. ഇന്ത്യക്കെതിരെ നടന്ന മത്സരങ്ങളിൽ ഞങ്ങൾ നടത്തിയത് മോശം പ്രകടനമായിരുന്നു. എന്നാൽ മുൻകാല റെക്കോഡുകൾ പരിഗണിച്ചാൽ ഞങ്ങൾ തന്നെയാണ് അവരെക്കാളും മുന്നിൽ. ആധിപത്യത്തിന്റെ കാര്യം പറഞ്ഞാൽ അവർക്കെതിരെ 90 കളിൽ ഞങ്ങൾക്ക് തന്നെയാണ് ആധിപത്യം. ഇപ്പോൾ അവർക്കാണ്. ആ ചരിത്രം മാറും ഞങ്ങൾ അവരെ തോൽപ്പിക്കുന്ന സമയം ഉടൻ തന്നെ വരും.” പാക് നായകൻ പറഞ്ഞു.
എന്തായാലും തോൽവിക്ക് പിന്നാലെ പാക് നായക സ്ഥാനത്ത് നിന്ന് താരത്തെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.
Discussion about this post