ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര പ്രഖ്യാപിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചോ അത് തന്നെ നടന്നിരിക്കുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജയം ഇന്നിങ്സിനും 140 റൺസിനും. വെസ്റ്റ് ഇൻഡീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പോരാട്ടവീര്യവും കാണാതെ പോയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കരീബിയൻ പട ഉയർത്തിയ 162 റൺ പിന്തുടർന്ന ഇന്ത്യ മറുപടിയിൽ 5 വിക്കറ്റ് നഷ്ടത്തിൽ 448 റൺസായിരുന്നു നേടിയത്.
ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിനെ അതിന് അനുവദിക്കാതെ മൂന്നാം ദിനം തന്നെ ചുരുട്ടികെട്ടിയ ഇന്ത്യയെ അതിന് സഹായിച്ചത് രവീന്ദ്ര ജഡേജ ആയിരുന്നു. താരം നാല് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യൻ ബാറ്റിംഗ് സമയത്ത് സെഞ്ച്വറി നേടി പുറത്താകാതെ നിന്ന താരം തന്നെയാണ് ഇന്ത്യൻ ഹീറോയായത്.
ഏറെ നാളുകളായി മോശം പ്രകടനം തുടരുന്ന വെസ്റ്റ് ഇൻഡീസ് അത് തുടർന്നപ്പോൾ ഇന്ത്യ തങ്ങളുടെ മികവ് വീണ്ടും കാണിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിങ്സിലേക്ക് വന്നാൽ അവിടെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപുമാണ് തിളങ്ങിയത് എങ്കിൽ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വന്നാൽ ജഡേജ നാലും സിറാജ് മൂന്നും കുൽദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ബാറ്റിംഗ് സമയത്ത് സായ് സുദർശൻ ഒഴികെ കളത്തിറങ്ങിയ എല്ലാ ഇന്ത്യൻ താരങ്ങളും മികവ് കാണിച്ചതും അതിൽ തന്നെ മൂന്ന് പേർ സെഞ്ച്വറി നേടിയതും ഇന്ത്യക്ക് സന്തോഷ വാർത്തയാണ്. അടുത്ത മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനോട് ഒരുപടി കൂടി അടുക്കാനായിരിക്കും ഇന്ത്യൻ ശ്രമം.
Discussion about this post