2026 മാർച്ച് 31 ഓടെ രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ നക്‌സലുകൾക്ക് കീഴടങ്ങാനായി അദ്ദേഹം അന്ത്യശാസനവും നൽകി. മാവോയിസ്റ്റുകളുമായി ചർച്ചയില്ലെന്നും അവർക്ക് സർക്കാർ മുന്നോട്ട് വച്ച പദ്ധതി പ്രകാരം ആയുധം വച്ച് കീഴടങ്ങാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചത്തീസ്ഗണ്ഡിലെ ബസ്തർ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളുമായി ചർച്ച നടത്തണമെന്ന് ചിലർ ആവശ്യപ്പെടുന്നു. എന്താണു സംസാരിക്കാനുള്ളത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനും പുനരധിവാസത്തിനുമുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നോട്ടുവന്ന് ആയുധങ്ങൾ താഴെവച്ച് കീഴടങ്ങുകയെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ബസ്തർ ഉൾപ്പെടെയുള്ള നക്‌സൽ ബാധിത മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാറും ഛത്തീസ്ഗഡ് സർക്കാറും പ്രതിജ്ഞാബദ്ധരാണ്’ അമിത് ഷാ പറഞ്ഞു. ബസ്തർ മേഖലയിലെ സമാധാനം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ സുരക്ഷാ സേന കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്നാണ് മാവോവാദം ഉണ്ടായത് എന്ന തെറ്റിദ്ധാരണ ഡൽഹിയിലെ ചിലർ കാലങ്ങളായി പ്രചരിപ്പിക്കുകയാണ്. എന്നാൽ ബസ്തർ മേഖലയുടെയാകെ വികസനത്തിനു തടസ്സമായി നിൽക്കുന്നത് മാവോയിസ്റ്റുകളാണ് അമിത് ഷാ കുറ്റപ്പെടുത്തി.
നിങ്ങൾ അയുധമെടുത്ത് ബസ്തറിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ നമ്മുടെ സായുധസേനയും സിആർപിഎഫും,ചത്തീസ്ഗഢ് പോലീസും ഉചിതമായ മറുപടി നൽകും. 2026 മാർച്ച് 31 ഈ രാജ്യത്ത് നിന്ന് നക്‌സലിസത്തിന് വിടപറയാൻ നിശ്ചയിച്ചിരിക്കുന്ന തീയതിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ നയം ഉറപ്പാക്കും. കീഴടങ്ങുന്നവർക്ക് ‘ചുവപ്പ് പരവതാനി സ്വീകരണവും’ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post