ഏഷ്യ കപ്പിൽ ഫൈനൽ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് വലിയ അഭിനന്ദനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കിട്ടുന്നത്. ഇന്ത്യ ഏറ്റവും വലിയ സമ്മർദ്ദത്തിൽ കടന്ന് പോകുന്ന സമയത്താണ് തിലകിനൊപ്പം സഞ്ജു ക്രീസിൽ എത്തിയത്. എന്നാൽ അവിടെ ഒരു സമ്മർദ്ദവും കാണിക്കാതെ നടത്തിയ മനോഹര പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്. എന്തായാലും ഏഷ്യാ കപ്പിന് പിന്നാലെ ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി 20 ടീം പ്രഖ്യാപനം നടത്തുമ്പോൾ അവിടെ സഞ്ജു സാംസണ് ടീമിലിടം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ടി 20 ടീമിൽ ഇടം കിട്ടിയ സഞ്ജുവിനെ ഏകദിനത്തിൽ നിന്ന് ഒഴിവാക്കി.
അവസാനം കളിച്ച ഏകദിന മത്സരത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ബാക്കപ്പ് സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്താതെ പോയത് പലർക്കും ഷോക്കായി. എന്തായാലും ടി 20 യിൽ മികച്ച പ്രകടനം നടത്തി തന്റെ സെലെക്ഷൻ ന്യായീകരിക്കാനും അത് വഴി അടുത്ത ലോകകപ്പിന് മുമ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനും സഞ്ജുവിന് അവസരമുണ്ട്.
എന്തായാലും ഈ അടുത്ത ഒരു മാധ്യമത്തോട് സംസാരിച്ച സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ സഞ്ജുവിന്റെ ഓൾ റൗണ്ട് കഴിവുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്
“കുട്ടിക്കാലം മുതൽ ഞങ്ങൾ ഡൽഹിയിലെ തെരുവുകളിൽ കളിച്ചിരുന്നു. അവിടെ ആളുകൾ സഞ്ജുവിന്റെ കഴിവുകളെക്കുറിച്ച് പറയുമായിരുന്നു. അച്ഛൻ അവനിൽ വിശ്വസിച്ചു. കുട്ടിക്കാലത്ത് തന്നെ, രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ ഒരു ഓൾറൗണ്ടറാണ്. അതുപോലെ, ഞാൻ അവനെയും ഒരു ഓൾറൗണ്ടറായി കാണുന്നു. കാരണം, കുട്ടിക്കാലത്ത് തന്നെ സഞ്ജു നന്നായി പന്തെറിയുമായിരുന്നു. അദ്ദേഹം എല്ലാം ചെയ്യുമായിരുന്നു,” സാലി പറഞ്ഞു.
“ആവശ്യത്തിന് അനുസരിച്ച് സഞ്ജു ഓഫ്-സ്പിൻ, ലെഗ്-സ്പിൻ എന്നിവ പന്തെറിഞ്ഞിരുന്നു. ഞങ്ങൾ രണ്ടാളും ക്രിക്കറ്റിനെ നന്നായി നോക്കി കണ്ടിരുന്നു. എവിടെ അവസരം ലഭിക്കുന്നുവോ, അവിടെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. സഞ്ജു ഓപ്പണർ എന്ന നിലയിൽ മാത്രമല്ല ഏത് സ്ഥാനത്ത് അവസരം കിട്ടിയാലും അവൻ നന്നായി കളിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും സഞ്ജുവിനെ ടീമിൽ എടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല.
Discussion about this post