ഇന്ത്യയുടെ ടി20 പ്ലാനുകളിൽ ശുഭ്മാൻ ഗില്ലിനെ ബിസിസിഐ ഉൾപ്പെടുത്തിയപ്പോൾ അതിൽ പണി കിട്ടിയത് മലയാളി താരം സഞ്ജു സാംസണാണ്. ഓപ്പണർ സ്ഥാനത്ത് അതുവരെ തിളങ്ങിയ സഞ്ജുവിന് ആ സ്ഥാനം നഷ്ടപ്പെടുകയും പകരം മധ്യനിരയിലേക്ക് താരത്തെ മാറ്റുകയും ചെയ്തു. ഏഷ്യാ കപ്പ് വിജയത്തിലേക്ക് ഇന്ത്യയെ സഹായിച്ചതിന് ശേഷം ഏത് റോളും തനിക്ക് പറ്റുമെന്നും ടീമിന്റെ വിജയമാണ് തനിക്ക് പ്രധാനം എന്നുമാണ് സഞ്ജു പറഞ്ഞത്.
അടുത്തിടെ മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാർഡിൽ സംസാരിക്കവേ, ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് സാംസൺ പറഞ്ഞു. “നിങ്ങൾ ആ ഇന്ത്യൻ ജേഴ്‌സി ധരിക്കുമ്പോൾ, നിങ്ങൾക്ക് ഒന്നിനോടും നോ പറയാൻ കഴിയില്ല. ആ ജേഴ്‌സി ധരിക്കാൻ ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിലുപരി ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ തുടരാൻ,” സാംസൺ വിശദീകരിച്ചു.
“എന്റെ രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അതിനാൽ അവർ എന്നെ 9-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചാലും, ഇടംകൈയ്യൻ സ്പിൻ എറിയാൻ ആഗ്രഹിച്ചാലും, അത് ചെയ്യാൻ എനിക്ക് സന്തോഷമുണ്ട്. ബാറ്റിംഗ് ഓപ്പൺ ചെയ്യാനോ ഒരു പിഞ്ച് ഹിറ്ററായി കളിക്കാനോ രാജ്യത്തിനുവേണ്ടി ഏത് ജോലി ചെയ്താലും, എനിക്ക് പ്രശ്‌നമില്ല.”
എന്തായാലും അടുത്ത വർഷത്തെ ടി20 ലോകകപ്പിലേക്ക് പോകുമ്പോൾ സാംസൺ അഞ്ചാം നമ്പറോ ആറാം നമ്പറോ നിലനിർത്തുമോ എന്ന് കണ്ടറിയണം. അദ്ദേഹത്തിന്റെ ബാറ്റിംഗിന് രീതി വെച്ച് താരത്തിന് ഏറ്റവും നല്ലത് ഓപ്പണർ മുതൽ നാലാം നമ്പർ വരെയുള്ള റോൾ ആണെന്ന് ആരാധകർ പറയുന്നു.
Discussion about this post