ഒക്ടോബർ 19 ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം കിട്ടാതെ പോയ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കഴിഞ്ഞ ആഴ്ച്ച വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നിരുന്നാലും, 2027 ൽ ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കളിക്കും എന്നും അവിടെ ഇന്ത്യയെ ജയിപ്പിക്കാൻ സാധിക്കും എന്നുമാണ് ജഡേജ പറയുന്നത്. മൂന്ന് ഏകദിന ലോകകപ്പിൽ കളിച്ചിട്ടുണ്ടെങ്കിലും ഒന്നിൽ പോലും വിജയിക്കാനുള്ള ഭാഗ്യം ജഡേജക്ക് ഉണ്ടായിട്ടില്ല.
2023 ൽ ടീം ട്രോഫി നേടുന്നതിന് അടുത്തെത്തിയെങ്കിലും അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്ത് ആറ് വിക്കറ്റ് വിജയം നേടി. 11 മത്സരങ്ങളിൽ നിന്ന് 4.25 എന്ന എക്കണോമിയിൽ 16 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ ഒരു ബൗളർ എന്ന നിലയിൽ മികവ് കാണിച്ചിരുന്നു.
ഇപ്പോൾ ഏകദിന ടീമിന്റെ ഭാഗം അല്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് തന്നെയാണ് ജഡേജ പറയുന്നത് “എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഇത്രയും വർഷമായി ഞാൻ ചെയ്തതുപോലെ ചെയ്യാൻ ഞാൻ ശ്രമിക്കും. ലോകകപ്പ് പോലുള്ള ഒരു പ്രധാന ടൂർണമെന്റിൽ, എനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ കളിക്കും. അതിനുമുമ്പ് ധാരാളം ഏകദിന മത്സരങ്ങൾ ഉണ്ടല്ലോ. അതിലൊക്കെ നന്നായി ചെയ്യും. 50 ഓവർ ലോകകപ്പ് നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ തവണ ഞങ്ങൾക്ക് പരാജയപ്പെട്ടു. ഒരുപക്ഷേ ഇത്തവണ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞേക്കും,” ജഡേജ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ തന്നോട് പറഞ്ഞതായി രവീന്ദ്ര ജഡേജ പറഞ്ഞു. “നോക്കൂ, അത് എന്റെ കൈകളിലല്ല. എനിക്ക് കളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവസാനം, ടീം മാനേജ്‌മെന്റും, സെലക്ടർമാരും, പരിശീലകനും, ക്യാപ്റ്റനും ഞാൻ ഈ പരമ്പരയിൽ ഇല്ലാത്തതിന്റെ കാരണം ചിന്തിക്കുന്നുണ്ട്. അതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടാകണം. അവർ എന്നോട് സംസാരിച്ചു. അതിനാൽ തന്നെ ഞാൻ ടീമിൽ ഇല്ലെന്ന് പ്രഖ്യാപിച്ചപ്പോൾ അത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ക്യാപ്റ്റനും, സെലക്ടറും, പരിശീലകനും എന്നോട് സംസാരിച്ചത് തന്നെ നല്ല കാര്യമാണ്.” 36-കാരനായ ജഡേജ കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 2025-ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ജഡേജ.
Discussion about this post