എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സ്വകാര്യ സ്‌കൂൾ താത്കാലികമായി അടച്ചു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്‌കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്‌കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.സ്‌കൂളിൽ യൂണിഫോം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പിടിഎ പ്രസിഡന്റ് അറിയിച്ചു. കുട്ടിയെ പഠിപ്പിക്കാൻ തയാറാണെന്നും എന്നാൽ സ്‌കൂളിന്റെ നിയമങ്ങൾ അനുസരിക്കണമെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറഞ്ഞു.
ജൂൺ-ജൂലൈ മാസത്തിൽ രണ്ടു മൂന്നു ദിവസം കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നു.എന്നാൽ സ്‌കൂൾ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാൻ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിർദേശം പാലിക്കാത്തത് മറ്റുള്ളവർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. തുടർന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.
ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. സ്‌കൂളിന് നിലവിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്‌കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്‌കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു.
Discussion about this post