ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും മാച്ച് ഫിറ്റ്‌നസ് ചോദ്യം ചെയ്യപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. എന്നിരുന്നാലും, കോഹ്‌ലി പ്ലെയർ ഓഫ് ദി സീരീസ് ആയി മാറിയേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ മത്സരം ഒക്ടോബർ 19 ഞായറാഴ്ച പെർത്തിൽ നടക്കും. 2025 ചാമ്പ്യൻസ് ട്രോഫിയിൽ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച കോഹ്‌ലിയും രോഹിതും പരമ്പരയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 15 അംഗ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്.
രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഫിറ്റ്നസ് കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു:
“വളരെക്കാലത്തിനു ശേഷം കളിക്കുമ്പോൾ ഈ ചോദ്യം എപ്പോഴും ഉയർന്നുവരും. വിരാടും രോഹിതും കുറച്ച് സമയമെടുക്കും ട്രാക്കിലെത്താൻ. നിങ്ങൾ എത്ര പരിശീലിച്ചാലും, നിങ്ങൾ ഇന്ത്യയുടെ ടീ-ഷർട്ട് ധരിച്ച് ഗ്രൗണ്ടിലേക്ക് പോകുമ്പോൾ, ഒരുപാട് കാര്യങ്ങൾ നോക്കണം. വ്യക്തമായും, രോഹിത് തന്റെ ഫിറ്റ്നസിൽ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്, വിരാട് തന്റെ ഫിറ്റ്നസിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം, അതിനാൽ ഫിറ്റ്നസ് കാര്യത്തിൽ സംശയമില്ല” മുൻ വിക്കറ്റ് കീപ്പർ പറഞ്ഞു.
“മാച്ച് ഫിറ്റ്നസിനെക്കുറിച്ചാണ് ചോദ്യം, ഗ്രൗണ്ടിൽ നിങ്ങൾ സ്വയം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഏവരും ഉറ്റുനോക്കും. അവർ അന്തരീക്ഷവുമായി പൊരുത്തപ്പെടുമെന്നതിൽ സംശയമില്ല, പക്ഷേ മാച്ച് ഫിറ്റ്നസ് തീർച്ചയായും ഒരു ചോദ്യമായിരിക്കും. എന്നിരുന്നാലും, ചോദ്യങ്ങൾ ചോദിക്കുമ്പോഴെല്ലാം, വിരാട് കോഹ്‌ലി ഉറച്ച ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ ഞാൻ ഒരു പ്രവചനം നടത്തുന്നു. ഈ മൂന്ന് മത്സര ഏകദിന പരമ്പരയിൽ, വിരാട് കോഹ്‌ലി മാൻ ഓഫ് ദ സീരീസായി മാറുന്നത് നിങ്ങൾക്ക് കാണാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയ്‌ക്കെതിരായ 48 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 54.46 ശരാശരിയിൽ 2,451 റൺസ് വിരാട് കോഹ്‌ലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ 29 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 51.03 ശരാശരിയിൽ 1,327 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
Discussion about this post