വെറ്ററൻ പേസർ മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യൻ സെലക്ടർമാർക്കും ബിസിസിഐക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ താരം അജിങ്ക്യാ രഹാനെയും. ഷമി ചീഫ് സെലെക്ടർ അഗാർക്കറെ കുറ്റം പറഞ്ഞതുമായി ബന്ധപ്പെട്ട് ഉള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ബിസിസിഐ സെലക്ടർമാരെ തെരഞ്ഞെടുക്കുന്ന രീതിയെ രഹാനെ ചോദ്യം ചെയ്തത്.
നിലവിലെ ബിസിസിഐ നിയമം അനുസരിച്ച് മുൻ കളിക്കാർക്ക് വിരമിച്ചതിന് അഞ്ച് വർഷത്തിന് ശേഷം മാത്രമേ സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ കഴിയൂ. എന്നാൽ, ഈ വിടവ് വളരെ വലുതാണെന്ന് രഹാനെ പറഞ്ഞു. കൂടാതെ കളിയിൽ പരിചയസമ്പന്നരായ താരങ്ങൾക്ക് ഈ ഇടവേള കൂടുതൽ ആണെന്നും അദ്ദേഹം പറഞ്ഞു.
“കളിക്കാർ സെലക്ടർമാരെ ഭയപ്പെടരുത്,” പൂജാരയുടെ യൂട്യൂബ് ചാനലിൽ അതിഥിയായി സംസാരിക്കവേ അജിങ്ക്യ രഹാനെ പറഞ്ഞു. “സെലക്ടർമാരെക്കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ആഭ്യന്തര ക്രിക്കറ്റിൽ. മുൻനിര ക്രിക്കറ്റിൽ നിന്ന് അഞ്ച്- എട്ട് വർഷം മുമ്പ് വിരമിച്ച സെലക്ടർമാർ നമുക്കുണ്ടാകണം.”
“ക്രിക്കറ്റ് വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ രീതികൾ മാറണം. സെലക്ടർമാരുടെ മാനസികാവസ്ഥ അതിനോട് പൊരുത്തപ്പെടുകയും മാറ്റത്തിനനുസരിച്ച് നീങ്ങുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു,” രഹാനെ വിശദീകരിച്ചു. “കളി വികസിച്ചുകൊണ്ടിരിക്കുന്നു. 20-30 വർഷം മുമ്പ് ക്രിക്കറ്റ് എങ്ങനെ കളിച്ചു എന്നതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നത് ഗുണം ചെയ്യില്ല. ടി20, ഐപിഎൽ പോലുള്ള ഫോർമാറ്റുകളിൽ, ആധുനിക ക്രിക്കറ്റ് കളിക്കാരുടെ ശൈലി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.”
ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം തന്നെ ഇൻഡിൻ ടീമിൽ നിന്ന് ഒഴിവാക്കിയ സെലെക്ടർമാരെ ട്രോളി ആയിരുന്നു ഷമിയുടെ സംസാരം.
Discussion about this post