ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയതിന് പിന്നാലെ നടൻ മോഹൻലാലിന് സ്വീകരണം നൽകിയ പരിപാടിയുടെ കണക്കുകളെ സംബന്ധിച്ച് ഉടലെടുത്ത വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സ്വീകരണം നൽകിയതിന്റെ കണക്കുകളെ ചൊല്ലിയുള്ള വിവാദം അദ്ദേഹത്തെ ആക്ഷേപിക്കലാണെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നു.
ചെലവായ കണക്ക് സർക്കാർ പ്രസിദ്ധീകരിക്കും. പരിപാടിയുടെ എസ്റ്റിമേറ്റ് തുകയാണ് ചെലവിട്ടു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഏതോ ഉദ്യോഗസ്ഥൻ അതെടുത്ത് പുറത്തു കൊടുക്കുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. പരിപാടിക്ക് ചെലവാക്കിയ പണത്തിന്റെ കണക്കു കൾ ആയിവരുന്നതേയുള്ളൂ. എസ്റ്റിമേറ്റിന്റെ പകുതിയിൽ താഴെയേ ചെലവായിക്കാണൂയെന്ന് മന്ത്രി വ്യക്തമാക്കി.
ഇനി ചെലവഴിച്ചാൽ തന്നെ എന്തിനാണ് പ്രയാസപ്പെടുന്നത്. മലയാളത്തെ വാനോളമുയർത്തിയ മഹാനായ നടന് വേണ്ടിയല്ലേ ചെയ്തത്. മലയാള ഭാഷക്ക് വേണ്ടി കുറച്ച് പണം ചെലവായതിന് പ്രയാസപ്പെടേണ്ട കാര്യമുണ്ടോ?. അഞ്ച് ദിവസം കൊണ്ട് ചെയ്ത വലിയൊരു പ്രൊജക്റ്റ് അല്ലേ. ഇത്തരം നല്ല കാര്യങ്ങളെ അഭിനന്ദിക്കണെമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ നാലിനായിരുന്നു ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ സർക്കാർ ആദരം സംഘടിപ്പിച്ചത്. പരിപാടിക്ക് പിന്നാലെ നടത്തിപ്പിന് രണ്ടുകോടി 84 ലക്ഷം രൂപ ചെലവായെന്ന വാർത്ത പുറത്തുവന്നിരുന്നു.
Discussion about this post