ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം മുൻ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡിനെതിരെ ഈഡൻ ഗാർഡനിൽ നടക്കുന്ന രഞ്ജി ട്രോഫി ഓപ്പണറിൽ ബംഗാളിനു വേണ്ടി കളിക്കുകയാണ് ഇപ്പോൾ ഷമി.
ആദ്യ ഇന്നിംഗ്‌സിൽ 14.5 ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി മികവ് കാണിച്ചു. ആഭ്യന്തര മത്സരത്തിന് മുമ്പ് തന്നെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് സെലക്ടർമാരിൽ നിന്നും ടീം മാനേജ്‌മെന്റിൽ നിന്നും യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് ഷമി വലിയ പ്രസ്താവന നടത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് ഓവറുകൾ ഈ കാലഘട്ടത്തിൽ എറിഞ്ഞ തന്റെ ഫിറ്റ്നസ് കാര്യത്തിൽ ഒരു ചോദ്യവും ഇല്ലെന്നാണ് ഷമി പറഞ്ഞത്.
ഷമിയുടെ ഫിറ്റ്‌നസ് തന്നെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിലെ ഒരു ഘടകമെന്ന് പറഞ്ഞുകൊണ്ട് അജിത് അഗാർക്കർ അടുത്തിടെ ആ അവകാശവാദങ്ങൾക്ക് മറുപടി നൽകി. പ്രശ്‍നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ അദ്ദേഹവുമായി ഒരു സംഭാഷണം നടത്തുമെന്ന് അദ്ദേഹം പരാമർശിച്ചു.
“അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അങ്ങനെ ചെയ്യുമായിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് ഉറപ്പില്ല. ഞാൻ അത് വായിച്ചാൽ, ഞാൻ അദ്ദേഹത്തെ വിളിച്ചേക്കാം, എല്ലാ കളിക്കാർക്കുമായി എന്റെ ഫോൺ എപ്പോഴും ഓണായിരിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ അദ്ദേഹവുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്, പക്ഷേ ഇവിടെ നിങ്ങൾക്ക് ഒരു തലക്കെട്ട് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അഗാർക്കർ പറഞ്ഞു.
“ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം ധാരാളം നടത്തിയിട്ടുണ്ട്. അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ, അത് എനിക്ക് അദ്ദേഹവുമായോ എന്നോടോ സംസാരിക്കാനുള്ള ഒരു സംഭാഷണമായിരിക്കാം. ഇംഗ്ലണ്ട് പരമ്പരയിൽ അദ്ദേഹം ഫിറ്റ് ആയിരുന്നെങ്കിൽ താരം ടീമിൽ ഉണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ. നമ്മുടെ പുതിയ ആഭ്യന്തര സീസൺ ആരംഭിച്ചതേ ഉള്ളു.”
കൊൽക്കത്തയിൽ നടന്ന ഇന്നലത്തെ ദിവസത്തെ കളിക്കുശേഷം, ഫിറ്റ്നസിനെക്കുറിച്ചുള്ള അഗാർക്കറുടെ അഭിപ്രായത്തെക്കുറിച്ച് ഷമിയോട് അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു.
“അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. ഞാൻ എങ്ങനെ പന്തെറിഞ്ഞുവെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ കൺമുന്നിലുണ്ട്,” ഷമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Discussion about this post