ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പെർത്ത് സ്റ്റേഡിയത്തിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷിന്റെ ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റെ സഹതാരങ്ങൾ തുടക്കത്തിൽ തന്നെ നടത്തുന്നത്. ടോപ് ഓർഡറിലെ മൂന്ന് പേരെ നഷ്‌ടമായ ഇന്ത്യ ഇപ്പോൾ 25 – 3 എന്ന നിലയിലാണ് നിൽക്കുന്നത്.
പെർത്തിലെഅനുകൂലമായ സാഹചര്യം മുഴുവനൂറ്റിയെടുക്കുന്ന ഓസ്‌ട്രേലിയൻ ബോളർമാരെയാണ് തുടക്കം മുതൽ കാണാൻ സാധിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ് നടത്തുന്ന രോഹിത്- കോഹ്‌ലി എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് കാണാൻ ഇരുന്ന ആരാധകർക്ക് ഇതോടെ നിരാശയായി. തുടക്കത്തിൽ ബൗണ്ടറി അടിച്ചൊക്കെ തുടങ്ങിയെങ്കിലും പിച്ചുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ രോഹിത്തിനെയാണ് (8 ) കാണാൻ സാധിച്ചത്. അധികം വൈകാതെ ഹേസൽവുഡിന്റെ പന്തിൽ മാറ്റ് റെൻഷോക്ക് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയെ വലിയ കൈയടികളോടെ ആരാധകർ വരവേറ്റെങ്കിലും കാര്യമുണ്ടായില്ല. പിച്ചിന്റെ സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരുന്നതിന് മുമ്പ് തന്നെ പോയിന്റിൽ, കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകി പോകുമ്പോൾ റൺ ഒന്നും നേടാതായിരുന്നു ആ മടക്കം. പിന്നാലെ ക്രീസിൽ വന്ന ശ്രേയസ് അയ്യർക്ക് ഒപ്പം ഗിൽ ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും നാഥാൻ എല്ലിസ് എറിഞ്ഞ അപകടകരമല്ലാത്ത പന്തിൽ ബാറ്റ് വെച്ച നായകൻ കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ ശരിക്കും വിറച്ചു. നായകന് 10 റൺ മാത്രമാണ് നേടാനായത്.
എന്തായാലും രാഹുലും അയ്യരും അടക്കം ഒരുപാട് താരങ്ങൾ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ആ വെല്ലുവിളി എങ്ങനെ ഇന്ത്യ അതിജീവിക്കും എന്നാണ് കണ്ടറിയേണ്ടത്.
Discussion about this post