2012 ലാണ് കോഹ്‌ലി ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ഏകദിന മത്സരം കളിക്കാനെത്തുന്നത്. ഇപ്പോഴിതാ 13 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ ഒരുപാട് ഏകദിന മത്സരങ്ങൾ അയാൾ അവർക്കെതിരെ ആ മണ്ണിൽ കളിച്ചു. എന്നാൽ ഇന്ന് അതെ ടീമിനെതിരെ ഒരു ഏകദിന മത്സരം കളിച്ചപ്പോൾ അവിടെ ഒരു റെക്കോഡ് തകർന്നു. 13 വർഷത്തിനിടെ ആദ്യമായി ആ താരം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയൻ മണ്ണിൽ പൂജ്യനായി മടങ്ങി. അതായത് ഈ നാളുകളിൽ ഒരിക്കൽ പോലും റണ്ണൊന്നും എടുക്കാതെ അയാൾ കളം വിട്ടിട്ടില്ല എന്ന് സാരം.
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഒരു വലിയ ഇടവേളയിരുന്ന കോഹ്‌ലി- രോഹിത് സഖ്യത്തിന്റെ മടങ്ങിവരവായിരുന്നു ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആകർഷണ ഘടകം. എന്നാൽ പെർത്തിലെ ബൗൺസി ട്രാക്കിൽ ഒന്നും ചെയ്യാനാകാതെ മടങ്ങായിരുന്നു ഇതിഹാസ താരങ്ങളുടെ വിധി. തുടക്കത്തിൽ ബൗണ്ടറി അടിച്ചൊക്കെ തുടങ്ങിയെങ്കിലും പിച്ചുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ രോഹിത്തിനെയാണ് (8 ) കാണാൻ സാധിച്ചത്. അധികം വൈകാതെ ഹേസൽവുഡിന്റെ പന്തിൽ മാറ്റ് റെൻഷോക്ക് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയെ വലിയ കൈയടികളോടെ ആരാധകർ വരവേറ്റെങ്കിലും കാര്യമുണ്ടായില്ല. പിച്ചിന്റെ സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരുന്നതിന് മുമ്പ് തന്നെ പോയിന്റിൽ, കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകി പോകുമ്പോൾ റൺ ഒന്നും നേടാതായിരുന്നു ആ മടക്കം. കോഹ്‌ലി പുറത്തായതിന് പിന്നാലെ നായകൻ ഗില്ലും( 10 ) മടങ്ങിയതോടെ ഇന്ത്യ തകർന്നു. മഴമൂലം മത്സരം നിർത്തിവെച്ചിരിക്കുമ്പോൾ ഇന്ത്യ 37 – 3 എന്ന നിലയിലാണ്.
ഇരുതാരങ്ങളെയും സംബന്ധിച്ച് ഒരു വലിയ ഇടവേളക്ക് ശേഷം മടങ്ങിവന്നതിനാൽ തന്ന ഇന്നത്തെ പ്രകടനത്തെ ന്യായീകരിക്കാം എങ്കിലും എത്രയും വേഗം ട്രാക്കിൽ വരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ടീമിലെ സ്ഥാനത്തിനായിട്ടുള്ള മത്സരം വർദ്ധിക്കുന്ന സാഹചര്യത്തിൽ.
Discussion about this post