ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൗനം വെടിഞ്ഞ് ഇതിഹാസ ഇന്ത്യൻ താരം വിരാട് കോഹ്‌ലി. മത്സരത്തിന് മുമ്പുനടന്ന സംഭാഷണത്തിനിടെയാണ്, നീണ്ട ഇടവേളയ്ക്ക് ശേഷം എക്കാലത്തേക്കാളും ഉന്മേഷം തോന്നുന്നുവെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. 2027 ലോകകപ്പ് വരെ താൻ തുടരുമോ എന്ന് ആദം ഗിൽക്രിസ്റ്റ് ചോദ്യം ചെയ്തപ്പോൾ പുഞ്ചിരിക്കുകയാണ് കോഹ്‌ലി ചെയ്തത്.
ഫോക്സ് സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ ആദം ഗിൽക്രിസ്റ്റും രവി ശാസ്ത്രിയും വിരാട് കോഹ്‌ലിയെ കണ്ടു. കരിയറിൽ ഉടനീളം ഓസ്ട്രേലിയയിൽ അദ്ദേഹം കാണിച്ച മികച്ച ഫോം, കഴിഞ്ഞ ആറ് മാസമായി അദ്ദേഹം കളിക്കളത്തിൽ നിന്ന് പുറത്തുപോയത്, ഓസ്ട്രേലിയയിൽ തിരിച്ചെത്തിയതിൽ അദ്ദേഹത്തിന് എങ്ങനെ തോന്നുന്നു എന്നിവയെക്കുറിച്ച് അവർ അദ്ദേഹത്തോട് ചോദിച്ചു.
“ഞാൻ ഒരു ഇടവേള എടുത്തിട്ട് വളരെക്കാലമായി, അതിനാൽ ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം, ഞാൻ കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്റെ കുട്ടികളുമായും കുടുംബവുമായും കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു,” കോഹ്‌ലി വിരമിക്കൽ തീരുമാനത്തെക്കുറിച്ച് പറഞ്ഞു.
“കഴിഞ്ഞ 15-20 വർഷമായി ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചു. ഞാൻ ഒട്ടും വിശ്രമിച്ചിട്ടില്ല. കഴിഞ്ഞ 15 വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ, ഐപിഎല്ലിനൊപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് ഞാനായിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ഉന്മേഷദായകമായ ഒരു ഇടവേളയായിരുന്നു,” ഫോക്സ് സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കോഹ്‌ലി പറഞ്ഞു.
2027 ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യത്തിന് കോഹ്‌ലി പറഞ്ഞ മറുപടി ഇങ്ങനെ: “മുമ്പത്തേക്കാൾ ഇപ്പോൾ എനിക്ക് ഇപ്പോൾ ഫിറ്റ്നസ് തോന്നുന്നു. കൂടുതൽ ഫ്രഷ് ആണ് ഞാൻ ഇപ്പോൾ. നെറ്റ്സിലും ഫീൽഡിംഗ് സെഷനുകളിലും നന്നായി കളിക്കുന്നു. ഞാൻ മുന്നോട്ട് പോകാൻ തയ്യാറാണ്,” കോഹ്‌ലി പറഞ്ഞു.
അതേസമയം മത്സരത്തിൽ നിരാശപ്പെടുത്തിയ കോഹ്‌ലി ഇന്ന് റൺ ഒന്നും നേടാതെയാണ് മടങ്ങിയത്.
Discussion about this post