അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. മഴയിടക്കിടെ രസംകൊലിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് 26 ഓവറിൽ 136 റൺസ്. നിയമപ്രകാരം ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത് 131 റൺസ് മാത്രം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ 21 . 1 ഓവറിൽ അവർ ലക്‌ഷ്യം മറികടന്നു.
ഫീൽഡിങ് തിരഞ്ഞെടുത്തതിന് പിന്നാലെ പെർത്തിലെ അനുകൂലമായ സാഹചര്യം മുഴുവനൂറ്റിയെടുക്കുന്ന ഓസ്‌ട്രേലിയൻ ബോളർമാരെയാണ് തുടക്കം മുതൽ കാണാൻ സാധിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ് നടത്തുന്ന രോഹിത്- കോഹ്‌ലി എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് കാണാൻ ഇരുന്ന ആരാധകർക്ക് ഇതോടെ നിരാശയായി. തുടക്കത്തിൽ ബൗണ്ടറി അടിച്ചൊക്കെ തുടങ്ങിയെങ്കിലും പിച്ചുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ രോഹിത്തിനെയാണ് (8 ) കാണാൻ സാധിച്ചത്. അധികം വൈകാതെ ഹേസൽവുഡിന്റെ പന്തിൽ മാറ്റ് റെൻഷോക്ക് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയെ വലിയ കൈയടികളോടെ ആരാധകർ വരവേറ്റെങ്കിലും കാര്യമുണ്ടായില്ല. പിച്ചിന്റെ സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരുന്നതിന് മുമ്പ് തന്നെ പോയിന്റിൽ, കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകി പോകുമ്പോൾ റൺ ഒന്നും നേടാതായിരുന്നു ആ മടക്കം. പിന്നാലെ ക്രീസിൽ വന്ന ശ്രേയസ് അയ്യർക്ക് ഒപ്പം ഗിൽ ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും നാഥാൻ എല്ലിസ് എറിഞ്ഞ അപകടകരമല്ലാത്ത പന്തിൽ ബാറ്റ് വെച്ച നായകൻ കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ ശരിക്കും വിറച്ചു. നായകന് 10 റൺ മാത്രമാണ് നേടാനായത്. ശേഷം ശ്രേയസ് അയ്യരും ( 11 ) മടങ്ങിയതോടെ ഇന്ത്യ തകർന്നു. പിന്നാലെ രാഹുൽ – അക്‌സർ സഖ്യം നടത്തിയ രക്ഷാദൗത്യം ഇന്ത്യയെ 100 കടത്താൻ സഹായിച്ചു. എങ്കിലും മത്സരത്തിന്റെ കണ്ട്രോൾ ഓസ്‌ട്രേലിയയുടെ കൈയിൽ തന്നെ ആയിരുന്നു. രാഹുൽ 38 റൺ നേടി ടോപ് സ്‌കോറർ ആയപ്പോൾ അക്‌സർ 31 റൺ നേടി തന്റെ റോൾ ഭംഗിയായി ചെയ്തു.
ഇന്നിംഗ്സ് അവസാനം നിതീഷ് കുമാർ റെഡ്ഢി 11 പന്തിൽ 19 നടത്തിയ മിനി വെടിക്കെട്ട് ഇന്ത്യൻ സ്കോർ 136 ലെത്തിക്കുക ആയിരുന്നു. ഓസ്‌ട്രേലിയ്ക്കായി ഹേസൽവുഡ്, മിച്ചൽ ഓവൻ, മാത്യു കുഹ്നെമാൻ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ സ്റ്റാർക്ക്, എല്ലിസ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഓസ്‌ട്രേലിയയുടെ ജയം എത്രത്തോളം ഇന്ത്യ വൈകിപ്പിക്കും എന്ന് മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന ചോദ്യം. 8 റൺ എടുത്ത ഹെഡിനെ അർശ്ദീപ് മടക്കിയപ്പോൾ മാത്യു ഷോർട്ടിനെ ( 8 ) അക്‌സർ മടക്കി. എന്നാൽ മിച്ചൽ മാർഷ് ( 46 ) റൺ നേടി ഒരറ്റത്ത് തിളങ്ങിയപ്പോൾ കീപ്പർ ജോഷ് ഫിലിപ്പ് ( 37 ) അയാൾക്ക് നല്ല പിന്തുണ നൽകി. ജോഷ് മടങ്ങിയ ശേഷം റെൻഷോയെ കൂട്ടുനിർത്തി മാർഷ് ഓസ്‌ട്രേലിയയെ വിജയവര കടത്തി.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ കുൽദീപിനെ ബാറ്റിംഗ് ഡെപ്ത്ത് കൂട്ടാനായി പുറത്തിരുത്തുന്ന ഇന്ത്യൻ തന്ത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Discussion about this post